കുട്ടി കിണറ്റിലുണ്ടാകുമെന്നത് ആദ്യം പറഞ്ഞത് ഡിവൈഎസ്‌പി ; പൊലീസിനെ അഭിനന്ദിച്ച് നാട്ടുകാർ
ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനായില്ല ; കുറ്റം സമ്മതിച്ച് ഹരികുമാർ

ബാലരാമപുരം : കോട്ടുകാൽകോണത്ത് രണ്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ മണിക്കൂറുകൾക്കകം പ്രതിയെ കുരുക്കി പൊലീസ്. ചോദ്യംചെയ്യലിൽ പ്രതി ഹരികുമാർ കുറ്റംസമ്മതിച്ചു. ശ്രീതുവിന്റെയും സഹോദരൻ ഹരികുമാറിന്റെയും മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഹരികുമാറുമായുള്ള ചാറ്റുകളിൽനിന്ന് നിർണായകവിവരം ലഭിച്ചതാണ് വഴിത്തിരിവായത്.
സംഭവം നടക്കുമ്പോൾ ശ്രീതു, ശ്രീജിത്ത്, ഇവരുടെ മൂത്തകുട്ടി പാർവണേന്ദു (7), ഹരികുമാർ, അമ്മ ശ്രീകല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഓരോരുത്തരും പറഞ്ഞ കാര്യങ്ങൾ പരസ്‌പരം പൊരുത്തപ്പെട്ടില്ല. ഇതോടെ പാർവണേന്ദുവിനെ ബന്ധുവീട്ടിലാക്കി മറ്റെല്ലാവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
രണ്ടുവയസ്സുകാരിയെ കാണാനില്ലെന്നറിഞ്ഞറിഞ്ഞാണ് രാവിലെ ആറോടെ ബാലരാമപുരം പൊലീസ് എത്തിയത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വീടും പരിസരവും അരിച്ചുപെറുക്കി. രണ്ടര മണിക്കൂറിനകം ദേവേന്ദുവിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽനിന്ന് കണ്ടെത്തുകയായിരുന്നു. കോട്ടുകാൽക്കോണം വാറുവിളാകത്തുവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു–- ശ്രീജിത്ത് ദമ്പതികളുടെ ഇളയകുട്ടിയായ ദേവേന്ദുവിനെ കാണാനില്ലെന്ന് മുത്തശ്ശി ശ്രീകലയാണ് രാവിലെ അഞ്ചരയ്ക്ക് അയൽവാസികളോട് പറഞ്ഞത്. നാട്ടുകാരാണ് ആദ്യം തിരച്ചിൽ നടത്തിയത്.
ദേവേന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യസംശയം. സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളുമൊക്കെ പൊലീസ് പരിശോധിച്ചു. ഡിവൈഎസ്‌പി എസ് ഷാജിയാണ് കിണർ പരിശോധിക്കാൻ നിർദേശം നൽകിയത്. കിണറിൽ വിരിച്ചിരുന്ന വല ഒരു വശത്തേക്ക് നീങ്ങിക്കിടന്നതാണ് സംശയത്തിനുകാരണം.
അന്വേഷണം വഴിതെറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരികുമാർ കിണറിനോട് ചേർന്നുള്ള ചായ്‌പിൽ മൂന്ന് കയറുകൾ കുരുക്കിട്ട് നിറുത്തിയത്.
ഇതിന് അടിയിലായി ഒരു പ്ലാസ്റ്റിക് കസേരയുമുണ്ടായിരുന്നു. കൂട്ട ആത്മഹത്യാശ്രമമെന്ന് വരുത്തി തീർക്കുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം.
വ്യാഴം പുലർച്ചെ ഹരികുമാറിന്റെ കിടക്കയ്ക്ക് തീപിടിക്കുകയും ചെയ്തിരുന്നു. ഇത് പ്രതി ബോധപൂർവം ചെയ്‌തതാണെന്നും പൊലീസ് കണ്ടെത്തി. പിടിക്കപ്പെട്ടാൽ മാനസികവിഭ്രാന്തിയുണ്ടെന്ന് ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു അത്.
കുട്ടിയുടേത് മുങ്ങിമരണം
ദേവേന്ദുവിന്റേത് ശ്വാസകോശത്തിൽ വെള്ളംനിറഞ്ഞുള്ള മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതോടെ പ്രതി കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന നിഗമനത്തിലാണ് പൊലീസ്.
ശ്രീതുവിനെ വീണ്ടും ചോദ്യംചെയ്യും
പ്രാഥമിക അന്വേഷണത്തിൽ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന് കൊലപാതകത്തിൽ പങ്കുള്ളതായി തെളിവില്ലെങ്കിലും മൊഴികളിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും പൊലീസ് ചോദ്യംചെയ്യും. ദേവേന്ദു അച്ഛനോടൊപ്പമാണ് കിടന്നതെന്ന് അമ്മാവൻ ഹരികുമാറും അമ്മാവനൊപ്പമെന്ന് ശ്രീതുവും പറഞ്ഞിരുന്നു. എന്നാൽ കുട്ടി ശ്രീതുവിന് ഒപ്പമായിരുന്നെന്നാണ് അച്ഛൻ ശ്രീജിത്ത് മൊഴിനൽകിയത്. പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കവെ ആരുമറിയാതെ കുഞ്ഞിനെ ശ്രീതുവിന്റെ അടുത്തുനിന്ന് ഹരികുമാർ എടുത്തുകൊണ്ടുപോയതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
പാറശാല സ്വദേശിയും മാർജിൻ ഫ്രീ മാർക്കറ്റിലെ ജീവനക്കാരനുമായ ശ്രീജിത്ത് ശ്രീതുവുമായി ഒരുമിച്ചായിരുന്നില്ല താമസം. ശ്രീതു മക്കളായ പാർവണേന്ദു, ദേവേന്ദു, അച്ഛൻ ഉദയകുമാർ, അമ്മ ശ്രീകല, സഹോദരൻ ഹരികുമാർ എന്നിവർക്കൊപ്പമാണ് താമസിച്ചത്. കരൾരോഗം ബാധിച്ചു മരിച്ച ഉദയകുമാറിന്റെ 16–--ാം ചരമദിനമായ വ്യാഴാഴ്ചത്തെ ചടങ്ങിൽ പങ്കെടുക്കാനാണ് ശ്രീജിത് ബുധനാഴ്ച വീട്ടിലെത്തിയത്.









0 comments