ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; അമ്മാവൻ അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ അമ്മാവൻ ഹരികുമാർ അറസ്റ്റിൽ. കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഗഹാദരനാണ് ഹരികുമാർ. വൈദ്യപരിശോധനയ്ക്കു ശേഷം ഹരികുമാറിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ബാലരാമപുരം കോട്ടുകാൽകോണം ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് മരിച്ചത്. കുട്ടി കിണറ്റില്‍ വീണു മുങ്ങി മരിച്ചതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കുട്ടിയെ ജീവനോടെ കിണറ്റിൽ എറിയുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
കുട്ടിയുടെ അമ്മ ശ്രീതുവിനെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വെെരുദ്ധ്യമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. എങ്കിലും കൊലപാതകത്തിൽ പങ്കുള്ളതായി തെളിവുകളൊന്നുമില്ല. അതിനാൽ ശ്രീതുവിനെ വിട്ടയക്കാൻ ആണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി ശ്രീതുവിനെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
ശ്രീതുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ സഹോദരൻ ഹരികുമാറുമായുള്ള മെസ്സേജുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. സംഭവം നടക്കുമ്പോൾ ശ്രീതു, ശ്രീജിത്ത്, ഇവരുടെ മൂത്ത കുട്ടി പാർവണേന്ദു (7), ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ, അമ്മ ശ്രീകല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഓരോരുത്തരും പറഞ്ഞകാര്യങ്ങൾ പരസ്‌പരം പൊരുത്തപ്പെട്ടില്ല. ഇതോടെ പാർവണേന്ദു ഒഴികെ മറ്റെല്ലാവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാർവണേന്ദുവിനെ സമീപത്തുള്ള ശ്രീതുവിന്റെ ബന്ധുക്കളുടെ വീട്ടിലാക്കുകയായിരുന്നു.
കോട്ടുകാൽകോണത്ത് രണ്ടുവയസുകാരിയെ കാണാനില്ലെന്നറിഞ്ഞ വിവരം അറിഞ്ഞാണ് രാവിലെ ആറോടെ ബാലരാമപുരം പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയത്. ഉടൻ തന്നെ നാട്ടുകാരും പൊലീസും
അഗ്നിരക്ഷാസേനയും ചേർന്ന് വീടും പരിസരവും അരിച്ചുപെറുക്കി പരിശോധന നടത്തി. രണ്ടര മണിക്കൂറിനകം ദേവേന്ദുവിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ദേവേന്ദുവിനെ കാണാനില്ലെന്ന് മുത്തശ്ശി ശ്രീകലയാണ് രാവിലെ അഞ്ചരയ്ക്ക് അയൽവാസികളോട് പറഞ്ഞത്. വീടിന്റെ പരിസരത്തും റോഡിലും ആളൊഴിഞ്ഞ പറമ്പുകളിലും ടോർച്ചുമായി നാട്ടുകാരായിരുന്നു ആദ്യം തെരച്ചിൽ നടത്തിയത്. ദേവേന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യസംശയം. തുടർന്ന് പ്രദേശത്തെ സിസിടിവികളും വാഹനങ്ങളുമൊക്കെ പൊലീസ് പരിശോധിച്ചു.
സ്ഥലത്തെത്തിയ ഡിവൈഎസ്പി ഷാജിയാണ് കിണർ പരിശോധിക്കാൻ നിർദേശം നൽകിയത്. കിണറിൽ വിരിച്ചിരുന്ന വല ഒരു വശത്തേക്ക് നീങ്ങിക്കിടന്നതാണ് സംശയത്തിന് കാരണം. രാവിലെ എട്ടോടെ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി തെരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തി.









0 comments