ഹരികുമാറും ശ്രീതുവും നിഗൂഢ സ്വഭാവക്കാരെന്ന് പൊലീസ്

ബാലരാമപുരം : കൊല്ലപ്പെട്ട ദേവനന്ദുവിന്റെ അമ്മ ശ്രീതുവും അമ്മാവൻ ഹരികുമാറും നിഗൂഢമായ സ്വഭാവക്കാരാണെന്ന് പൊലീസ്. ഇവരുടെ വാട്‌സാപ് ചാറ്റുകൾ പരിശോധിച്ചതിൽനിന്നാണ് പൊലീസ് ഈ നിഗമനത്തിലേക്ക് എത്തിയത്.
ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഹരികുമാർ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നത്. ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ചോദ്യങ്ങൾക്ക് ശ്രീതുവും കൃത്യമായി മറുപടി നൽകുന്നില്ല. ശ്രീതുവും ഭർത്താവ് ശ്രീജിത്തും തമ്മിൽ ഏറെനാളായി അകൽച്ചയിലായിരുന്നു. ശ്രീതുവിനോട് ഹരികുമാർ വഴിവിട്ട് പെരുമാറാൻ ശ്രമിച്ചിരുന്നെന്നും അടുപ്പത്തിന് കുഞ്ഞ് തടസ്സമാകുമെന്നതിനാൽ കൊലപ്പെടുത്തിയെന്നും ആദ്യം ചോദ്യം ചെയ്യലിൽ ഹരികുമാർ പറഞ്ഞിരുന്നു. എന്നാൽ, കൊലപാതകത്തിൽ ശ്രീതുവിന് പങ്കില്ലെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കേസിൽ അന്വേഷണം തുടരുകയാണെന്നും ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്നും റൂറൽ എസ്‌പി കെ എസ് സുദർശൻ പറഞ്ഞു. ഫോൺ രേഖകളും സാഹചര്യം തെളിവുകളും പരിശോധിക്കുകയാണ്. ഹരികുമാർ മാനസികരോഗത്തിന് 6 വർഷമായി ചികിത്സയിലാണെന്നാണ് കുടുംബം പറയുന്നത്.
അന്ധവിശ്വാസവും
ശ്രീതുവിന്റെയും ഹരിയുടെയും കുടുംബം അന്ധവിശ്വാസികളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ജോത്സ്യൻ കരിക്കകം സ്വദേശി ശംഖുംമുഖം ദേവീദാസന്റെ അനുയായികളായിരുന്നു ശ്രീതുവും ഹരികുമാറും എന്നാണ് വിവരം.
ഹരികുമാർ ഒന്നര വർഷത്തോളം ഇയാളുടെ കീഴിൽ ജോലി ചെയ്തിരുന്നെന്നും പറയുന്നു. വീടുവാങ്ങാനെന്ന പേരിൽ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസൻ തട്ടിയെടുത്തെന്നാണ് ശ്രീതു രണ്ടാഴ്ചമുമ്പ് പൊലീസിൽ പരാതി നൽകിയത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ദേവീദാസനെ ചോദ്യം ചെയ്‌തതെങ്കിലും അയാൾ നിഷേധിച്ചു. ഹരികുമാര്‍ മറ്റൊരു മന്ത്രവാദിയുടെ സഹായിയായി പോയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീതു മതപരമായ പൂജകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ക്ക് പോകുകയും ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. അതേസമയം ദേവസ്വം ബോർഡിൽ താൽക്കാലിക ജീവനക്കാരിയാണെന്നാണ് ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്.
സാമ്പത്തിക ഇടപാടുകളും ദുരൂഹം
ശ്രീതുവിന്റെയും ഹരികുമാറിന്റെയും സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ശ്രീതു ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയതുക കടം വാങ്ങിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകൾ നടത്താനും കുടുംബം ശ്രമിച്ചതായി സൂചനയുണ്ട്. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പണം കടം നൽകിയ പലരും വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനു നാട്ടുകാരും സാക്ഷികളാണ്. സ്വന്തം വീട് തകർന്നു തുടങ്ങിയതിനാൽ കോട്ടുകാൽകോണത്ത് വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണശേഷം വഴിപാടെന്ന പേരിൽ മകൾ ദേവനന്ദയുടെ തല മൊട്ടയടിച്ചിരുന്നു. പിന്നാലെ ശ്രീതുവും തല മൊട്ടയടിച്ചു. തനിക്ക് ക്യാൻസറാണെന്നും ചില ബന്ധുക്കളോട് ശ്രീതു പറഞ്ഞതായും വിവരമുണ്ട്.
തെളിവെടുപ്പിനിടെ പ്രകോപിതരായി നാട്ടുകാർ
നേമം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ ഹരികുമാറിനെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ പ്രകോപിതരായി. നാട്ടുകാരിൽനിന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് യുവാവിനെ പൊലീസ് ജീപ്പിൽ കയറ്റി വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് പോയത്. ഉച്ചയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസ് പദ്ധതി. എന്നാൽ, സംഘർഷസാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് വൈകിട്ട് അഞ്ചോടെയാണ് എത്തിച്ചത്. വളരെ കുറച്ച് സമയം കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി.
വ്യാഴം രാവിലെ അഞ്ചരയോടെയാണ് ബാലരാമപുരം കോട്ടുകാൽകോണം സ്വദേശികളായ ശ്രീതു–-- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ കാണാതാകുന്നത്. തുടർന്ന് പൊലീസെത്തി ബന്ധുകളെ ചോദ്യം ചെയ്തതിൽ മൊഴികളിൽ വൈരുധ്യം തോന്നിയ ഉടൻ കുട്ടിയുടെ അമ്മാവൻ ഹരികുമാർ (25)നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ എട്ടോടെയാണ് കുട്ടിയുടെ മൃതദേഹം വീടിനോട് ചേർന്ന കിണറ്റിൽ കണ്ടെത്തിയത്.









0 comments