ബാലികയെ കിണറ്റിലിട്ട് കൊല: പരമാവധി തെളിവ് ശേഖരിച്ച് അന്വേഷണം

ബാലരാമപുരം : ബാലരാമപുരത്തെ കൊലപാതകത്തിലെ ദുരൂഹത നീക്കാൻ പരമാവധി തെളിവുകൾ ശേഖരിച്ചുള്ള ശാസ്ത്രീയ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇതിനായി ഫോറൻസിക്, സൈബർ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. പ്രതി ഹരികുമാറിന്റെയും ശ്രീതുവിന്റെയും മുൻകാല ചരിത്രവും പൊലീസ് തെരയുന്നുണ്ട്. ഹരിയുടെ ബന്ധുക്കളുടെ മൊഴികളും പൂർണമായി വിശ്വസിച്ചിട്ടില്ല. കുഞ്ഞിന്റെ ശരീരത്തിലെ വിരലടയാളം ഉൾപ്പെടെ സൂക്ഷ്‌മമായി പരിശോധിക്കും. ഹരികുമാർ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലം തേടിയും പൊലീസിന്റെ അന്വേഷണം ആരംഭിച്ചു.
മൂത്ത കുട്ടിയുടെയും
മൊഴിയെടുത്തു
അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ശ്രീതുവിന്റെ മൂത്ത കുട്ടി പാർവണേന്ദുവിന്റെയും അമ്മ ശ്രീകലയുടെയും ഭർത്താവ് ശ്രീജിത്തിന്റെയും മൊഴികൾ പൊലീസ് എടുത്തു. മൂത്തകുട്ടിയെയും ഹരികുമാർ പല പ്രാവശ്യം ഉപദ്രവിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ശ്രീതുവിനെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത ശംഖുംമുഖം ദേവീദാസനെന്ന പ്രദീപ്കുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പ്രതിക്ക് ഗുരുതരമായ
മാനസ്സിക പ്രശ്നങ്ങളില്ല
ദേവനന്ദുവിനെ കൊലപ്പെടുത്തിയ ശേഷമാണ് മുറിക്ക് തീയിട്ടതെന്ന് ചോദ്യം ചെയ്യലിനിടെ ഹരികുമാർ സമ്മതിച്ചതായി പൊലീസ്. ശ്രീതുവിനെ വിളിച്ചിട്ട് വരാത്തതിലുള്ള ദേഷ്യത്തിൽ കുഞ്ഞിനെ പെട്ടെന്ന് എടുത്തുകൊണ്ടുപോയി കൊന്നതായാണ് സൂചന. ദേഷ്യം വന്നാൽ എന്തും ചെയ്യുന്ന പ്രകൃതക്കാരനാണ് ഇയാളെന്നും എന്നാൽ ഗുരുതരമായ മാനസിക രോഗങ്ങൾ ഇല്ലെന്നുമാണ് പ്രാഥമിക നിഗമനം. ഹരികുമാറിന് പഠനവൈകല്യം മാത്രമേയുള്ളുവെന്ന് ബന്ധുക്കളും പറയുന്നു.
മാനസിക രോഗമുള്ള എല്ലാവർക്കും ശിക്ഷാ ഇളവ് ലഭിക്കില്ല: ഡോ. അരുൺ ബി നായർ
ഒരു വ്യക്തിക്ക് മാനസിക രോഗമുണ്ട് എന്നതുകൊണ്ട് മാത്രം കുറ്റകൃത്യങ്ങളിൽ ശിക്ഷാ ഇളവ് ലഭിക്കില്ല. മാനസിക രോഗത്തിന്റെ തീവ്രതമൂലം താൻ ചെയ്യുന്ന പ്രവൃത്തി നിയമലംഘനമോ തെറ്റോ ആണെന്ന തിരിച്ചറിവ് ഇല്ലാത്ത അവസ്ഥയിലാണ് ആ വ്യക്തിയെങ്കിൽ അത് കുറ്റകൃത്യമായി കാണാനാകില്ലെന്നാണ് ഭാരതീയ ന്യായ സംഹിത 22–-ാം വകുപ്പ് വ്യക്തമാക്കുന്നത്. അതായത് രോഗമുള്ള വ്യക്തിക്ക് തീവ്രമായ അസുഖമുണ്ടാകണം.താൻ ചെയ്യുന്ന പ്രവൃത്തി എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ടാകരുത്. തീവ്രമായ ബുദ്ധി വളർച്ച കുറവ്, തീവ്രമായ ചിത്തഭ്രമം, തീവ്രമായ ഉന്മാദരോഗങ്ങൾ എന്നിവയുള്ള വ്യക്തിക്ക് മേൽപ്പറഞ്ഞ വകുപ്പിന്റെ ആനുകൂല്യം ലഭിക്കാം. എന്നാൽ മറ്റ് മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
തീവ്രമായ അളവിൽ ബൗദ്ധിക വികസന വൈകല്യമുള്ളവർക്കും ഇളവ് ലഭിക്കും. പഠനവൈകല്യം മാത്രമുള്ളവർക്ക് ഒരുതരത്തിലുള്ള ഇളവും ലഭിക്കില്ല. എഴുതാനോ വായിക്കാനോ കണക്ക് കൂട്ടാനോ കഴിയാത്ത അവസ്ഥയാണ് പഠനവൈകല്യം. ഇത്തരക്കാർക്ക് കാര്യങ്ങൾ ഗ്രഹിക്കാനോ തെറ്റുകൾ മനസ്സിലാക്കാനോ പ്രയാസമില്ല. ലഹരി വസ്തുക്കളുടെ സ്വാധീനത്തിലാണ് ഒരു വ്യക്തി കൃത്യം ചെയ്തതെങ്കിലും പരിരക്ഷ കിട്ടില്ല. അതേസമയം മാനസിക ആരോഗ്യ പ്രശ്നമുള്ളവരെ കൃത്യമായ ചികിത്സയിലൂടെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരിക എന്നതും നമ്മുടെ ഉത്തരവാദിത്വമാണ്. മാനസികരോഗമുണ്ടെന്ന് ഉള്ളതുകൊണ്ട് അവരെ ചികിത്സ നൽകാതെ പൊതുസമൂഹത്തിലേക്ക് ഇറക്കിവിടാനാകില്ല. കൃത്യമായി ചികിത്സ ഉറപ്പുവരുത്താനുള്ള ബാധ്യത ജനങ്ങൾക്കും നിയമസംവിധാനത്തിനുമുണ്ട്.
(തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകൻ)









0 comments