ബലാത്സംഗക്കേസിൽ മുൻകൂർജാമ്യത്തിന് 
അതിജീവിതയുടെ വാദം കേൾക്കണം

bail rejected
വെബ് ഡെസ്ക്

Published on Jul 16, 2025, 03:20 AM | 1 min read


ന്യൂഡൽഹി

ബലാത്സംഗക്കേസിൽ അതിജീവിതയുടെ വാദം കേൾക്കാതെ പ്രതികൾക്ക്‌ കോടതികൾ മുൻകൂർജാമ്യം നൽകരുതെന്ന്‌ സുപ്രീംകോടതി ഉത്തരവ്‌. കോഴിക്കോട്‌ കാക്കൂർ സ്വദേശിനിയെ ബലാത്സംഗംചെയ്‌ത കേസിലെ പ്രതി സുരേഷ്‌ ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്‌ ശരിവച്ചാണ്‌ ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എൻ വി അഞ്ജാരിയ എന്നിവരുടെ വിധി. മുൻകൂർ ജാമ്യപേക്ഷയിൽ അതിജീവിതയ്‌ക്ക്‌ നോട്ടീസയക്കാനോ അവരുടെ വാദം കേൾക്കാനോ വിചാരണക്കോടതി തയ്യാറായില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചു. വിധിയിൽ ഇടപെടാൻ കാരണമില്ലെന്ന്‌ വ്യക്തമാക്കി അപ്പീൽ തള്ളി.


അതിജീവിതയുടെ വാദം കേട്ടശേഷംമാത്രമേ മുൻകൂർജാമ്യം നൽകാവുവെന്ന വ്യവസ്ഥയില്ലെന്നും സാമ്പത്തിക ഇടപാടിലെ തർക്കമാണ്‌ പരാതിക്ക്‌ പിന്നിലെന്നും പ്രതി വാദിച്ചെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. വിവാഹ വാഗ്‌ദാനം നൽകി 2017 മുതൽ പീഡിപ്പിച്ചെന്നും സ്വർണമടക്കം തട്ടിയെടുത്തെന്നുമുള്ള പരാതിയിലാണ്‌ കാക്കൂർ പൊലീസ്‌ കേസെടുത്തത്‌.


ബലാത്സംഗം, എസ്‌സി–എസ്‌ടി വിഭാഗക്കാർക്കെതിരായ അതിക്രമം തുടങ്ങി കേസുകളിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അതിജീവിതയുടെ വാദം കേൾക്കണമെന്ന്‌ കഴിഞ്ഞ ഡിസംബറിലും മറ്റൊരു കേസിൽ ജസ്റ്റിസ്‌ ബേല എം ത്രിവേദിയുടെ ബെഞ്ച്‌ ഉത്തരവിട്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home