ശ്രീനിവാസൻ വധക്കേസിൽ 4 പ്രതികൾക്ക് ജാമ്യം

bail
വെബ് ഡെസ്ക്

Published on Aug 20, 2025, 12:39 AM | 1 min read


കൊച്ചി

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാലു പ്രതികള്‍ക്കുകൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പാലക്കാട് തച്ചുംപാറ മുഹമ്മദ് ബിലാൽ, പള്ളിപ്പുറം സ്വദേശി റിയാസുദീൻ, തൃത്താല സ്വദേശി കെ പി അൻസാർ, പട്ടാമ്പി സ്വദേശി കെ വി സഹീർ എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം നൽകിയത്. ജാമ്യാപേക്ഷ തള്ളിയ കൊച്ചി എൻഐഎ കോടതി ഉത്തരവിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.


ശ്രീനിവാസനെ വധിക്കാനുള്ള ഗൂഢാലോചനയിലും കൊലയാളികളെ സംരക്ഷിച്ചതിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നും കോടതിയെ അറിയിച്ചു.


എന്നാൽ, ഹർജിക്കാർ മൂന്നുവർഷത്തോളമായി കസ്റ്റഡിയിലാണെന്നത് ഹൈക്കോടതി കണക്കിലെടുത്തു. കേസിലെ 62 പ്രതികളിൽ 49 പേർക്ക് നേരത്തേ ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ വിചാരണ ഉടൻ തുടങ്ങാനിടയില്ലെന്നതും കണക്കിലെടുത്ത് ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും രണ്ട് ആൾ ജാമ്യത്തിലുമാണ് ജാമ്യം നൽകിയത്. എറണാകുളം ജില്ല വിടരുത്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, രണ്ടാഴ്ച കൂടുമ്പോൾ പൊലീസിൽ റിപ്പോർട്ട് ചെയ്യണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.


2022 ഏപ്രിൽ 16നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകൻ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. ഒരുവിഭാഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എൻഐഎ കേസ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home