ആത്മവിശ്വാസത്തിന്റെ കൈക്കരുത്തുമായി അഖിലയുടെ വിജയ വഴികൾ

അമ്പിളി ചന്ദ്രമോഹനൻ
Published on Jul 26, 2025, 02:54 PM | 3 min read
തിരുവനന്തപുരം: നിശ്‍ചയദാർഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഏത് പ്രതിസന്ധിയേയും മറികടന്ന് ലക്ഷ്യം കൈവരിക്കാമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി ബി എസ് അഖില. അഞ്ചാം വയസിലുണ്ടായ ഒരു അപകടത്തിൽ വലതുകൈ പൂർണമായും നഷ്ടപ്പെട്ടിട്ടും തളരാതെ നിരന്തര പരിശ്രമത്തിലൂടെ അഖില വിജയരേഖ കുറിച്ചു. ജൂലൈ 23 രാവിലെ 9ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി അഖില സ്ഥാനമേറ്റു. ഈ വിജയത്തിലേക്കുള്ള അഖിലയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കെ ബുഹാരിയുടെയും സജീനയുടെയും മകളാണ് അഖില. ഒരു ഓണക്കാലത്തായിരുന്നു മകൾക്ക് അപകടമുണ്ടായതെന്ന് അഖിലയുടെ അച്ഛൻ ബുഹാരി ഓർത്തെടുത്തു. 2000 സെപ്റ്റംബർ 11നായിരുന്നു അഖിലയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ അപകടം. കുടുംബം ഒരു വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ അവർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു.
അപകടത്തിൽ അഖിലയുടെ വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമകളെയുംകൊണ്ട് ആ ആച്ഛനും അമ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു. അന്ന് അവിടെയുണ്ടായിരുന്ന ഓർത്തോ ഡോക്ടർ പ്ലാസ്റ്റിക് സർജറി ചികിത്സയ്ക്ക് നിർദേശിച്ച് പട്ടം എസ്‍യുടി ആശുപത്രിയിലേക്ക് റെഫർ ചെയ്തു.
നഷ്ടപ്പെട്ട കൈ തുന്നിച്ചേർക്കാൻ അപ്പോഴേക്കും കഴിയുമായിരുന്നില്ല. വലത് കൈ ഒഴിവാക്കുക മാത്രമായിരുന്നു മാർഗം. കൃത്രിമമായി കൈകൾ വയ്ക്കാനുള്ള ശ്രമങ്ങൾ നടത്താൻ നിർദേശിച്ച് അവർ തിരികെ മെഡിക്കൽ കോളേജിലേക്ക് അയച്ചു. അതിനായി ഇന്ത്യൻ മിലിട്ടറിക്ക് കീഴിലുള്ള പൂണെ ആർട്ടിഫിഷ്യൽ ലിമ്പ് സെന്റെറിനെ (എഎൽസി) സമീപിച്ചു. എന്നാൽ അഖിലയുടെ കുഞ്ഞുശരീരത്തിൽ കൃത്രിമ കൈ വച്ചുപിടിപ്പിക്കാൻ അവിടെ സാധിക്കില്ല എന്നാണ് കമാൻഡിങ് ഓഫീസർ പറഞ്ഞത്. ജർമനിയിലേക്കോ യുകെയിലേക്കോ കൃത്രിമ കൈക്കായി ശ്രമിക്കണമെന്ന് അവർ നിർദേശിച്ചു.
ഇതിനായി മാധ്യമങ്ങളുടെ ഉൾപ്പെടെ സഹായവും തേടി. അതിന്റെ ഫലമായി ജർമനിയിലെ ഒരു സംഘം കൃത്രിമ കൈ വയ്ക്കുന്നതിനുള്ള ചികിത്സ ചെയ്യാമെന്ന് അറിയിച്ചു. എന്നാൽ ചികിത്സയ്ക്കായി അഖിലയെ ജർമനിയിലെത്തിക്കണമായിരുന്നു. അവിടേക്ക് പോകാൻ കഴിയാത്തതുകൊണ്ട് സംഘം മുബൈയിലേക്ക് വന്നു. തുടർന്ന് അഖിലയുമായി അച്ഛൻ ബുഹാരി മുംബൈയിലേക്ക് പുറപ്പെട്ടു. എന്നാൽ കൃത്രിമ കൈ വയ്ക്കാൻ കഴിയില്ലെന്ന് പരിശോധനയ്ക്ക് ശേഷം അവരും പറഞ്ഞു.
നോർക്കയുടെയും ഒരു സന്നദ്ധസംഘടനയുടെയും സഹായത്തോടെ ഏഴാം വയസിൽ യുഎസിലെ ഹൂസ്റ്റണിൽ 3 മാസം ചികിത്സ നടത്തിയെങ്കിലും തോളറ്റം മുറിഞ്ഞതിനാൽ കൃത്രിമക്കൈ പറ്റില്ലെന്ന് അവരും വിധിയെഴുതി. ട്രാൻസ്പ്ലാന്റ് ചെയ്യുക മാത്രമായിരുന്നു പോംവഴി. എന്നാൽ കൈ ട്രാൻസ്പ്ലാന്റ് ചെയ്യാനുള്ള സാങ്കേതികത അന്ന് ലഭ്യമായിരുന്നില്ല. അതോടെ പ്രതീക്ഷകൾ മങ്ങി അവർ കേരളത്തിലേക്ക് തിരിച്ചു.
തിരുവനന്തപുരം എജി ഓഫീസിലെ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ബാഷാമുഹമ്മദ് ഐഎ&എഎസ് അഖിലയെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.
എന്നാൽ അവിടെ തളർന്നുപോകാൻ ആ കുടുംബം തയാറായിരുന്നില്ല. സമൂഹത്തിന്റെ സഹതാപത്തിന് മകളെ വിട്ടുകൊടുക്കാതെ മാതാപിതാക്കൾ അഖിലയെ പിന്തുണച്ചു. അതിനകം തന്നെ ഇടം കൈകൊണ്ട് വലതു കൈ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ചെയ്യാൻ അഖില പഠിച്ചു. അച്ഛനും അമ്മയും മാനസിക പിന്തുണ നൽകി. മാനസികമായി തകരരുതെന്നും മനസാന്നിധ്യം കൈവിടരുതെന്നും നിരന്തരം പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരും എല്ലാ സഹായവും നൽകി.
യുകെജിയിൽ ഓൾ ഇന്ത്യയിൽ രണ്ടാം റാങ്കോടെ അഖിലയ്ക്ക് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. അപകടം നടന്നതിന് ശേഷവും അഖില പഠനത്തിൽ മികവ് പുലർത്തി. സ്കൂളിലെ എല്ലാ കാര്യങ്ങൾക്കും അഖിലയെ അധ്യാപകർ മുൻപന്തിയിൽ നിർത്തി. സ്കൂൾ വാർഷികത്തിനും, കായിക മത്സരങ്ങൾക്കുമെല്ലാം പങ്കെടുക്കാൻ അഖിലയെ പ്രോത്സാഹിപ്പിച്ചു. എല്ലാം നന്നായി ചെയ്യാൻ കഴിയുന്നു എന്ന ആത്മവിശ്വാസം അഖില നേടിയെടുത്തു.
പട്ടം സെന്റ് മേരീസ് സ്കൂളിൽ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്തെ ചാരാച്ചിറ സര്‍ക്കാര്‍ സിവിൽ സര്‍വീസ് അക്കാദമിയിൽ ഫൗൺണ്ടേഷൻ കോഴ്സ് ചെയ്തിരുന്നു. 1196 മാർക്കോടെയാണ് അഖില പ്ലസ്ടു പാസായത്.
തുടർന്ന് മദ്രാസ് ഐഐടിയിൽ 24ാം റാങ്കോടെ ഡെവലപ്മെന്റ് സ്റ്റഡീസ് ബിരുദ പഠനത്തിന് ചേർന്നു. ബിരുദം പൂർത്തിയാക്കി 2019ൽ ബാംഗ്ലൂരിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ പഠിച്ചു. 2020, 2021, 2022 വർഷങ്ങളിൽ സിവിൽ സർവീസ് പരീക്ഷ എഴുതി. 2020, 2021 വർഷങ്ങളിൽ ഇന്റർവ്യൂ വരെ എത്തിയെങ്കിലും റാങ്കിലേക്ക് എത്താനായില്ല. 2022ൽ 760ാം റാങ്കോടെ സിവിൽ സർവീസിലേക്ക് അഖിലയെത്തി. 2023 നവംബറിലെ സിവിൽ സർവീസ് ബാച്ചിൽ ഷിംലയിൽ ട്രെയിനിങ് ആരംഭിച്ചു. 2025 ജൂലൈ 17ന് ട്രെയിനിങ് പൂർത്തിയായി. തിരുവനന്തപുരത്തായിരുന്നു ആദ്യ നിയമനം.
"അഞ്ചാം ക്ലാസിൽ വച്ച് ഒരു അധ്യാപകനാണ് സിവിൽ സർവീസ് എന്ന തൊഴിൽ മേഖലയെക്കുറിച്ച് പറഞ്ഞുതരുന്നത്. അന്ന് മുതൽ തന്നെ താത്പര്യമുണ്ടായിരുന്നു. ബിരുദ പഠനം പൂർത്തിയാക്കിയപ്പോഴാണ് ആഗ്രഹം തീവ്രമായത്. സിവിൽ സർവീസ് റാങ്ക് നേടിയതിന് ശേഷം നാഷണൽ അക്കാദമി ഫോർ ഓഡിറ്റിങ് ആൻഡ് അക്കൗണ്ട്സ് ഷിംലയിൽ പരിശീലനം. ആദ്യ ഒരു വർഷം ഇൻസ്റ്റിസറ്റ്യൂട്ടിൽ തന്നെയായിരുന്നു ട്രെയിനിങ്. ഐഐഎം, സെബി, ആർബിഐ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ട്രെയിനിങ് നടന്നത്. ചെന്നൈ എജി ഓഫീസിൽ തൊഴിൽ പരിശീലനമുണ്ടായിരുന്നു. തുടർന്നാണ് തിരുവനന്തപുരത്ത് നിയമനം ലഭിച്ചത്. ഓഡിറ്റിങ്ങിൽ മികച്ച പ്രവർത്തനം നടത്തുക എന്നതാണ് ലക്ഷ്യം. നല്ല ഭരണത്തിനായി എന്തൊക്കെ പുതിയതായി ചെയ്യാം എന്നും ആലോചിക്കുന്നുണ്ട്. എല്ലാം പഠിച്ചുവരുന്നതേയുള്ളൂ " - അഖില പറഞ്ഞു.
പ്രതിസന്ധികൾ തരണം ചെയ്ത് നേട്ടങ്ങൾ കൈവരിച്ച ഒരാളായി അറിയപ്പെടാനാണ് ഇഷ്ടമെന്ന് സിവിൽ സർവീസ് റാങ്ക് ലഭിച്ചപ്പോൾ അഖില പറഞ്ഞു. ട്രെയിനിങ്ങ് പൂർത്തിയാക്കി തിരുവനന്തപുരത്ത് ഓഫീസറായി നിയമനം ലഭിച്ചപ്പോൾ അഖിലയുടെ നേട്ടങ്ങൾക്ക് മധുരം കൂടി. ഇന്ന് ഒരു കുടുംബത്തിന്റെ പ്രതീക്ഷ മാത്രമല്ല ചുറ്റുമുള്ള സമൂഹത്തിനാകെ മാതൃകയും അഭിമാനവുമാണ് അഖില.









0 comments