ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പ്: 1.76 ലക്ഷത്തിലധികം വയോജനങ്ങൾക്ക് സേവനം നൽകി

ayush
വെബ് ഡെസ്ക്

Published on Dec 31, 2024, 05:52 PM | 2 min read

തിരുവനന്തപുരം > വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകളുടെ റിപ്പോർട്ട് ആരോഗ്യ മന്ത്രി വീണാ ജോർജിന് നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി സജിത് ബാബു കൈമാറി. ഒക്‌ടോബർ പകുതിയിലും നംവംബറിലുമാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഈ കാലയളവിൽ 2408 മെഡിക്കൽ ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്.


ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ 1227 ക്യാമ്പുകളും ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിൽ 1181 ക്യാമ്പുകളുമാണ് സംഘടിപ്പിച്ചത്. ആകെ 1,76,386 വയോജനങ്ങൾ ക്യാമ്പുകളിൽ പങ്കെടുത്തു. അതിൽ 1,04,319 സ്ത്രീകളും 72,067 പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. ക്യാമ്പുകളിൽ പങ്കെടുത്ത 23.9 ശതമാനം വയോജനങ്ങൾക്ക് പ്രമേഹവും 25.09 വയോജനങ്ങൾക്ക് രക്താതിമർദവും ഉള്ളതായി കണ്ടെത്തി. വിവിധ രോഗങ്ങൾക്ക് കൂടുതൽ ചികിത്സ ആവശ്യമുള്ള 38,694 വയോജനങ്ങളെ ഉയർന്ന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തു.


നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ആയുർവേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആയുഷ് ആശുപത്രികൾ, ഡിസ്പെൻസറികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററുകൾ, ട്രൈബൽ ആയുഷ് ഡിസ്പെൻസറികൾ എന്നിവ മുഖേന പ്രദേശികാടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിലായിരുന്നു ഈ ക്യാമ്പുകൾ സംഘടിപ്പിച്ചത്.


ആയുർദൈർഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സംസ്ഥാനം പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. അതിന്റെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. വയോജനങ്ങൾ പൊതുവേ അനുഭവിക്കുന്ന ശാരീരികാരോഗ്യ പ്രശ്നങ്ങളായ പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഉറക്കക്കുറവ്, മലബന്ധം, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവയും അവരുടെ മാനസിക സാമൂഹികാരോഗ്യവും ആയുഷ് ചികിത്സാ സംവിധാനങ്ങളിലൂടെ മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ടാണ് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്.


ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുത്ത വയോജനങ്ങളുടെ തുടർ ചികിത്സ ഉറപ്പാക്കി വരുന്നു. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെയാണ് ഇവരുടെ തുടർ ചികിത്സ ഉറപ്പാക്കുന്നത്. പൂർണമായും സൗജന്യമായ ഈ മെഡിക്കൽ ക്യാമ്പുകളിൽ, പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്ക്കരണ ക്ലാസുകൾ, യോഗ പരിശീലനം എന്നിവയും ഉണ്ടായിരുന്നു.


ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. എം പി ബീന, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ ഡോ. ടി ഡി ശ്രീകുമാർ, ഭാരതീയ ചികിത്സാ വകുപ്പ് ജോ. ഡയറക്ടർ ഡോ. സലജ കുമാരി, ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് പ്രിൻസിപ്പൽ ആന്റ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി കെ വിജയൻ, ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ ജയനാരായണൻ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home