അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ദുബായ്: ഷാർജയിൽ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു സതീഷ്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി ദുബായിലെ കമ്പനി രേഖാമൂലം സതീഷിന് കത്ത് നൽകി.
ഒരു വർഷം മുമ്പാണ് സൈറ്റ് എൻജിനീയറായി സതീഷ് ദുബായിൽ ജോലിയിൽ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷ് അക്രമാസക്തമായി പെരുമാറുന്ന വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. അതുല്യയുടെ കുടുംബത്തോടൊപ്പമാണെന്നും അന്വേഷണത്തിൽ സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് തേവലക്കര കോയിവിള സൗത്ത് അതുല്യഭവനിൽ അതുല്യയെ (30) ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ഷാർജയിലെ അൽ ഖർബ് പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടക്കും. ഇതിനുശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു. നാട്ടിലെത്തിയ ശേഷം റീ പോസ്റ്റ്മോർട്ടം നടത്തുമെന്നാണ് വിവരം.
വർഷങ്ങളായി മകൾ കടുത്ത പീഡനം നേരിട്ടെന്നും ആത്മഹത്യചെയ്യില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. ഭർത്താവ് ശാസ്‌താംകോട്ട ചെക്കാലയിൽ വീട്ടിൽ സതീഷ് ശങ്കറിനെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തു. യുവതിയുടെ അമ്മ തുളസിഭായ് പിള്ളയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവയ്‌ക്കെതിരായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതുല്യയുടെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന മേൽനോട്ടം വഹിക്കും. ഭർത്താവ് സതീഷ് ശങ്കറിൽനിന്ന് അതുല്യ നേരിട്ട പീഡനത്തിന്റെ വീഡിയോയും വോയിസ് ക്ലിപ്പും ബന്ധുക്കൾ പൊലീസിന് കൈമാറി.









0 comments