"വിവാഹമാലോചിച്ച് വന്നത് പതിനേഴാം വയസ്സിൽ; സ്വന്തം കുഞ്ഞിനെപോലും സതീഷിന് ഇഷ്ടമില്ലായിരുന്നു"

അതുല്യയുടെ അച്ഛനമ്മമാർ
ചവറ: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ അതുല്യ വർഷങ്ങളായി ഭർത്താവ് സതീഷിൽനിന്ന് കടുത്ത പീഡനം നേരിട്ടുവെന്ന് കുടുംബം. ഭർത്താവ് ഉപദ്രവിക്കുമ്പോഴും ആത്മഹത്യചെയ്യില്ലെന്നും കുഞ്ഞിനുവേണ്ടിയാണ് ജീവിക്കുന്നതെന്നും അതുല്യ പറഞ്ഞിട്ടുണ്ട്. വേണ്ടെങ്കിൽ ബന്ധം ഒഴിയണമെന്ന് പലതവണ പറഞ്ഞിരുന്നുവെന്നും അതുല്യയുടെ അച്ഛനമ്മമാരായ എസ് രാജശേഖരൻപിള്ളയും തുളസിഭായ് പിള്ളയും പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി. മകൾ ദിവസവും വിളിക്കുമായിരുന്നു. മദ്യപിച്ചാൽ സതീഷ് ക്രൂരമായി മർദിക്കും. ബോധംവരുമ്പോൾ കുടിക്കില്ലായെന്ന് പറഞ്ഞ് ക്ഷമചോദിക്കും. പിന്നീട് സംശയത്തിന്റെ പേരിലും മർദിക്കും. അതുല്യയെ റൂമിൽ കയറ്റിയശേഷം ഫ്ലാറ്റ് പൂട്ടിയിട്ട് പോയിട്ടുണ്ട്. മർദിക്കുന്ന വീഡിയോ മകൾ അയച്ച് തന്നിട്ടുണ്ട്. 10 വയസ്സുള്ള സ്വന്തം കുഞ്ഞിനെപോലും ഇഷ്ടമില്ലായിരുന്നുവെന്നും അമ്മ തുളസീഭായി പറഞ്ഞു.
കുഞ്ഞിനെ ഷാർജയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം നടത്തി മൂന്നുമാസം മുമ്പാണ് അതുല്യ തിരികെ പോയത്. തുടർന്നും ക്രൂരമായ പീഡനം നടന്നുവെന്ന് സഹോദരിയോടും ബന്ധുക്കളോടും അതുല്യ പറഞ്ഞിരുന്നു. പതിനേഴാം വയസ്സിലാണ് വിവാഹമാലോചിച്ച് സതീഷിന്റെ വീട്ടുകാർ വന്നത്. 10വയസ്സിന്റെ വ്യത്യാസമുള്ളതിനാൽ അതുല്യയുടെ വീട്ടുകാർക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ, പിടിവാശി കാരണം വിവാഹം നടത്തി. നാട്ടിൽവച്ചും അതുല്യയെ ഉപദ്രവിക്കുമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് കേസ് കൊടുത്തിട്ടുണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
വിവാഹത്തിന് നൽകിയ സ്വർണം കുറഞ്ഞുപോയെന്നും എൻജിനിയറായ തനിക്ക് കാർ കിട്ടിയില്ലെന്ന് പറഞ്ഞും മർദിച്ചിട്ടുണ്ട്. മരണത്തിനുമുമ്പ് 10വയസ്സുകാരിയായ മകൾ ആരാധികയ്ക്കും സഹോദരിക്കും സുഹൃത്തുക്കൾക്കും പീഡനങ്ങളെക്കുറിച്ച് അതുല്യയുടെ ശബ്‌ദ സന്ദേശം ലഭിച്ചു. ഈ മാസം അവസാനത്തോടുകൂടി നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം. ഷാർജയിലുള്ള സഹോദരി ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടതാണ്. അതുല്യയുടെ പിറന്നാൾ ദിവസമായ വെള്ളിയാഴ്ച സഹോദരിക്കൊപ്പം കേക്കു മുറിച്ച ശേഷം ഫ്ലാറ്റിൽ എത്തിയിരുന്നു. ശനി ഷാർജയിൽത്തന്നെ ജോലിക്ക് പ്രവേശിക്കുവാൻ ഇരിക്കുമ്പോഴായിരുന്നു മരണം. ഷാർജയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ അനന്തര നടപടികൾ ഉണ്ടാവുകയുള്ളൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.









0 comments