'അശ്വമേധം 6.0': കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം; സംസ്ഥാനതല ഉദ്ഘാടനം 30ന്

aswamedham
വെബ് ഡെസ്ക്

Published on Jan 29, 2025, 01:46 PM | 2 min read

തിരുവനന്തപുരം: കുഷ്ഠരോഗ നിർമാർജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ആറാം ഘട്ടം 'അശ്വമേധം 6.0' ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനമായ ജനുവരി 30ന് ആരംഭിക്കുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ രണ്ടാഴ്ചക്കാലമാണ് ക്യാമ്പയിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തുന്നത്. ഇതോടൊപ്പം കുഷ്ഠരോഗ ബോധവത്കരണം ലക്ഷ്യമാക്കി സ്പർശ് ക്യാമ്പയിനും നടത്തുന്നതാണ്. സംസ്ഥാനതല ഉദ്ഘാടനം ജനുവരി 30ന് രാവിലെ 10.30ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. വി കെ പ്രശാന്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും.


കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാ പ്രവർത്തകയും ഒരു സന്നദ്ധ പ്രവർത്തകനും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നു. സമൂഹത്തിൽ ഇപ്പോഴും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽ പതിനായിരത്തിൽ 0.11 എന്ന നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂടാതെ കുട്ടികളിലും രോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതൽ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. ഈ ക്യാമ്പയിനിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.


മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന രോഗമാണ് കുഷ്ഠം. വായുവിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗിയുമായി അടുത്ത ശാരീരിക സമ്പർക്കം വഴിയും രോഗം പകരാൻ സാധ്യതയുണ്ട്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ പത്ത് വർഷം വരെ സമയമെടുക്കും. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കും.


തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ ചെയ്യുക എന്നിവ കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമം, തിളങ്ങുന്ന ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, കണ്ണ് അടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം.



deshabhimani section

Related News

View More
0 comments
Sort by

Home