കേന്ദ്ര ചൂഷണത്തിനെതിരെ പോരാടും ; രാജ്യവ്യാപക പ്രക്ഷോഭത്തിന് ആശാ ഫെഡറേഷൻ

തിരുവനന്തപുരം
തൊഴിലാളികളായി അംഗീകരിച്ച് അധ്വാനത്തിനനുസരിച്ചുള്ള വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരുവർഷം നീളുന്ന പ്രക്ഷോഭത്തിന് രാജ്യത്തെ ആശാവർക്കർമാർ. സെൻട്രൽസ്‌റ്റേഡിയത്തിൽ ആയിരങ്ങൾ അണിനിരന്ന അത്യുജ്വലമായ സംഗമത്തിൽ കേന്ദ്രമന്ത്രിമാരുടെ വസതികളിലേക്കുള്ള പ്രക്ഷോഭമുൾപ്പെടെ പ്രഖ്യാപിച്ചു.
ആശാ വർക്കേഴ്സ് ഫെസിലിറ്റേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച സമര പ്രഖ്യാപനറാലിയിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കളും അണിനിരന്നു. സംഗമം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി പി പ്രേമ അധ്യക്ഷയായി. സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു സമരപ്രഖ്യാപനം നിർവഹിച്ചു. ആശമാരെ സ്ഥിരം തൊഴിലാളികളാക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. ന്യായമായ പെൻഷൻ നൽകാനുള്ള പദ്ധതി ആരംഭിക്കണം. ഡിസംബർ ഒന്നിന് വിവിധ സ്കീം വർക്കേഴ്സ് നേതൃത്വത്തിൽ സമരം തുടങ്ങും. കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധ സമീപനം തുടർന്നാൽ പണിമുടക്കിലേക്കു നീങ്ങുമെന്നും എ ആർ സിന്ധു പറഞ്ഞു.
ഫെഡറേഷൻ ജനറൽ സെക്രട്ടറി മധുമിത ബന്ദോപാധ്യായ, സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ, സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ, സെക്രട്ടറി കെ എസ് സുനിൽകുമാർ, ഫെ-ഡറേഷൻ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എം ബി പ്രഭാവതി എന്നിവർ സംസാരിച്ചു. -ഫെഡറേഷൻ മഹാരാഷ്ട്ര ട്രഷറർ പുഷ്പ പട്ടേൽ, ഹരിയാന വൈസ് പ്രസിഡന്റ് സുനിത, മധ്യപ്രദേശ് ഭാരവാഹികളായ കവിതാ സോളങ്ക, പൂജാ കനോജിയ, ഉത്തരാഖണ്ഡ് ഭാരവാഹികളായ ശിവ ദുംബെ, കലാവതി ചന്തോള, ഗുജറാത്തിൽനിന്നുള്ള മീന പി ബെൻജാർ, അൽക്കാബെൻ, പുഷ്പാ ബെൻ, ഒഡിഷയിൽനിന്നുള്ള ശകുന്തള, യാദവ്, അഖിലേന്ത്യ കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി, സി കെ ഹരികൃഷ്ണൻ, കെ എൻ ഗോപിനാഥ്, സി ജയൻബാബു എന്നിവർ പങ്കെടുത്തു.









0 comments