ആശമാരെ തൊഴിൽനിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരണം; ആവശ്യങ്ങൾ കേന്ദ്രമന്ത്രിയെ അറിയിച്ച് വീണാ ജോർജ്

ന്യൂ ഡൽഹി: ആശമാരുടെ ഇൻസന്റീവ്‌സ് വർധിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയോട് ചർച്ചചെയ്‌തതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പാർലമെന്റ് ഹൗസിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച. ആശമാരെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരണമെന്നും വിമൺ വോളണ്ടിയേഴ്‌സ് എന്ന് മാറ്റി വർക്കേഴ്‌സ് എന്നാക്കണം എന്നും ചർച്ചയിൽ മന്ത്രി ആവശ്യപ്പെട്ടു.
ആശമാരുടെ ഇൻസന്റീവ്‌സ് ഉയർത്തുന്നത് സംബന്ധിച്ച കാര്യം കേന്ദ്ര ഗവൺമെന്റിന്റെ പരിഗണനയിലാണെന്നും കേന്ദ്രം അക്കാര്യം പരിശോധിച്ചുവരികയാണെന്നും ജെ പി നദ്ദ വ്യക്തമാക്കി. കേരളം നടത്തുന്ന ടി ബി എലിമിനേഷൻ പ്രവർത്തനങ്ങളെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. കാസർകോടും വയനാടും മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യവും ഓൺലൈൻ ഡ്രഗ്‌സ് വിൽപ്പന തടയാൻ വേണ്ട നടപടികളും കേന്ദ്രവുമായി ചർച്ചചെയ്‌തു. കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് വീണ്ടും ഉറപ്പ് നൽകി. കേരളത്തിന് കുടിശിക നൽകാനില്ല എന്ന ജെ പി നദ്ദ രാജ്യ സഭയിൽ പറഞ്ഞ സംഭവം പരിശോധിക്കാമെന്നും അതിൽ ആവശ്യമായിട്ടുള്ള ഇടപെടൽ ഈ സാമ്പത്തിക വർഷം നടത്താമെന്നും കേന്ദ്ര മന്ത്രി പറഞ്ഞതായി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.









0 comments