കോട്ടകെട്ടി കാത്ത കേരളത്തിന് നന്ദി... ഗാലിബിനടുത്തേക്ക് ആശയും പറന്നു

കേരളത്തിൽനിന്ന് അബുദാബി വിമാനത്താവളത്തിലെത്തിയ ആശ വർമയെ മുഹമ്മദ് ഗാലിബ് സ്വീകരിച്ചപ്പോൾ

ഫെബിൻ ജോഷി
Published on Aug 04, 2025, 02:15 AM | 2 min read
ആലപ്പുഴ
മതനിരപേക്ഷ കേരളം കെട്ടിയ കോട്ടയിൽനിന്ന് പറന്ന് ആശാ വർമ മുഹമ്മദ് ഗാലിബിന്റെ ചാരത്തണഞ്ഞു. രാത്രി 9.50ന് അബുദാബിയിലേക്ക് എയർ അറേബ്യ വിമാനം ഉയർന്നപ്പോൾ അകന്നുപോയത് കൊന്നുതള്ളുമെന്ന ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയും. വീണ്ടും ചർച്ചയാകുന്നത് മറ്റൊരു ‘റിയൽ കേരള സ്റ്റോറി’യും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവേശനകവാടത്തിന് മുന്നിൽ യാത്രപറയുമ്പോൾ അഭിഭാഷകയും സുഹൃത്തുമായ ഗയ എസ് ലതയെ ആശ ചേർത്തുപിടിച്ചു പറഞ്ഞു ‘മറക്കില്ല, ഇൗ നാടും നിങ്ങൾ നൽകിയ സ്നേഹവും. കേരളം ഇനി ഞങ്ങളുടെയും വീടാണ്. മടങ്ങിയെത്തും ഒരുമിച്ച്’. ലൗ ജിഹാദ് ആരോപിച്ച് ബന്ധുക്കളും തീവ്രഹിന്ദുസംഘടനകളും കൊന്നുതള്ളുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഭയന്നോടിയ ജാർഖണ്ഡ് സ്വദേശികൾ മുഹമ്മദ് ഗാലിബും (30) ആശ വർമയും (27) ഇനി ഒരുമിച്ച് ജീവിക്കും.
ആശങ്കകളുടെ അതിർത്തിവിട്ട് അബുദാബിയിൽ പറന്നിറങ്ങിയ ആശയെ ഗാലിബും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു. പതിറ്റാണ്ടിന്റെ പ്രണയത്തിന് സാഫല്യമാകുമ്പോഴും ഇരുവരുടെയും മനസിൽ അഭയം നൽകിയ മതേതരകേരളത്തിന്റെ സ്നേഹമാണ്. ജീവൻ നഷ്ടമാകുമെന്ന സ്ഥിതിയായതോടെ ഫെബ്രുവരിയിലാണ് ജാർഖണ്ഡ് ചിത്തപ്പുർ സ്വദേശികളായ ഇരുവരും ഭയന്നോടി കേരളത്തിലെത്തിയത്. ഇരുവരുടെയും 10 വർഷത്തെ പ്രണയം ഇരുവീട്ടുകാരും എതിർത്തു. ലൗ ജിഹാദ് ആരോപണവുമായി പ്രദേശത്തെ ഹിന്ദുത്വസംഘടനകൾ രംഗത്തെത്തി. വർഗീയസംഘർഷത്തിലേക്ക് നീങ്ങിയതോടെ നാടുവിട്ടു.
വാർ ആൻഡ് ലൗ
ഗാലിബിനൊപ്പം ജോലിചെയ്യുന്ന കായംകുളം സ്വദേശിയാണ് കേരളത്തിലെത്താനും അഡ്വ. ഗയയെ കാണാനും നിർദേശിക്കുന്നത്. കായംകുളത്തെത്തിയ ഇരുവരും ഇസ്ലാം മതവിശ്വാസപ്രകാരവും ഹിന്ദുമത വിശ്വാസപ്രകാരവും വിവാഹിതരായി. ഇരുവരെയും തെരഞ്ഞ് ജാർഖണ്ഡിലെ രാജ്‌രപ്പ പൊലീസിനൊപ്പം പെൺകുട്ടിയുടെ ബന്ധുക്കളുമെത്തി. ഇരുവരും പോകാൻ തയ്യാറായില്ല. വിട്ടുനൽകാൻ കഴിയില്ലെന്ന് കായംകുളം പൊലീസ് ജാർഖണ്ഡ് പൊലീസിനെ അറിയിച്ചു.
ആശയെ ഗാലിബ് തട്ടിക്കൊണ്ടുവന്നതാണെന്ന് കേസ് രജിസ്റ്റർചെയ്ത് വീണ്ടുമെത്തി. സംഭവം വാർത്തയായതോടെ ഡിവൈഎഫ്ഐയടക്കം സംഘടനകൾ പിന്തുണപ്രഖ്യാപിച്ചു. ഇതിനിടെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു. ഇരുവർക്കും സുരക്ഷയാവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചു. ഖാലിബിനെതിരെ അറസ്‌റ്റ് വാറന്റ് നിലനിൽക്കെ നാട്ടിലേക്ക് മടങ്ങേണ്ടിവരുമോയെന്ന ആശങ്കയിലായിരുന്നു. സുരക്ഷ ഉറപ്പാക്കണമെന്നും മടക്കി അയക്കരുതെന്നും കോടതി നിർദേശിച്ചത് ഇരുവർക്കും ആശ്വാസമായി. പൊലീസ് സംഘം മടങ്ങിയെങ്കിലും ആശയുടെ വീട്ടുകാരിൽനിന്ന് ഭീഷണി തുടർന്നു.
മാർച്ചിൽ ഗാലിബ് യുഎഇയിലേക്ക് മടങ്ങി. ആശ അഡ്വ. ഗയയുടെ മാതാപിതാക്കളോടൊപ്പം കായംകുളത്ത് തുടർന്നു. അഞ്ചുമാസം നീണ്ട നടപടികൾക്കൊടുവിലാണ് പാസ്പോർട്ട് അടക്കം രേഖകൾ വീണ്ടെുത്തത്. രണ്ടുമാസംമുമ്പും ഭീഷണിയുമായി ബന്ധുക്കളെത്തി. ഗാലിബിനെതിരെ രാജ്‌രപ്പ പൊലീസിട്ട എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടികൾ റാഞ്ചി ഹൈക്കോടതിയിൽ തുടരുകയാണ്.








0 comments