ശ്രീജയുടെ മരണം: കോടികൾ എവിടെപ്പോയി; ഇടപാടുകൾക്ക് പിന്നിലാര്

തിരുവനന്തപുരം: കോട്ടയ്‌ക്കകം വാർഡ് അംഗം ശ്രീജയെ മരണത്തിലേക്ക് തള്ളിവിട്ട കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിലെ ദുരൂഹത തുടരുന്നു. വലിയൊരു തുക കടം വാങ്ങേണ്ട സ്ഥിതി ഇവർക്കില്ലെന്ന് നാട്ടുകാർ പറയുമ്പോഴും ഇതെങ്ങനെ ചെലവിട്ടു എന്ന് ആർക്കുമറിയില്ല. എന്നാൽ സന്തതസഹചാരികളായി കൂടെനിന്നവർക്ക് എല്ലാമറിയാമെന്നും ചോദ്യം ചെയ്‌താൽ വസ്‌തുതകൾ പുറത്താകുമെന്നും പ്രദേശവാസികൾ പറഞ്ഞു. സ്വർണം പണയപ്പെടുത്തിയതും വസ്‌തുവിറ്റതുമായ പണമാണ് പലരിൽനിന്ന് ഉയർന്ന പലിശ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് തട്ടിയെടുത്തത്. വിശ്വസിച്ച് പണം നൽകിയവരെ ചതിച്ചു. കൂട്ടാളികളായി കൂടെനിന്ന മഹിളാ കോൺഗ്രസിന്റെ ചില നേതാക്കൾക്ക് പലിശ ഇടപാടുകളുണ്ട്. ഇവർക്ക് വേണ്ടിയാണോ പണം കടം വങ്ങി നൽകിയിരുന്നതെന്ന സംശയവും ഉയരുന്നു.
പലിശ കിട്ടാതെ വന്നതോടെ കടം വാങ്ങിയവരുടെ മുന്നിൽപ്പെടാതെ ഒളിച്ചു നടന്നു. ഇടയ്‌ക്ക് വീട് മാറി താമസിച്ചു. പഞ്ചായത്ത് ഓഫീസിൽ എത്തുകയോ വിളിച്ചാൽ ഫോണെടുക്കുകയോ ചെയ്യാറില്ല. പരാതികൾ പറഞ്ഞിട്ടും കോൺഗ്രസ് നേതാക്കളാരും വിഷയത്തിൽ ഇടപെട്ടില്ല. കടം കൊടുത്തവർ വീട് അന്വേഷിച്ച് വരികയും പ്രശ്‌നമുണ്ടാക്കുകയും ചെയ്‌തതോടെയാണ് ആദ്യം ആത്മഹത്യക്കു ശ്രമിച്ചത്. അപ്പോഴെല്ലാം മധ്യസ്ഥം നിൽക്കുന്നത് കൊക്കോട്ടേല വാർഡ് അംഗം ശ്രീരാഗാണ്. ശ്രീജയുടെ പണമിടപാടുകൾക്ക് മുമ്പിൽ ഇയാൾ ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാർ. 31ന് പണം മടക്കി നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ജീവനൊടുക്കിയത്.
സിപിഐ എം സംഘടിപ്പിച്ച യോഗമാണ് മരണകാരണമായതെന്ന മട്ടിൽ ആയുധമാക്കുന്നതിനു പിന്നിൽ വസ്‌തുതകൾ ഒളിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. പണമിടപാടുകളുടെ ഉള്ളുകള്ളികളിലേക്ക് പോയാൽ കോൺഗ്രസ് മഹിളാ നേതാക്കളുൾപ്പെടെ കുടുങ്ങുമെന്നതിനാലാണ് ഇത്തരമൊരു പ്രചാരണത്തിന് കോൺഗ്രസ് മുതിരുന്നത്. യോഗം നടന്ന രാത്രിയിൽ മഹിളാ കോൺഗ്രസ് മണ്ഡലം നേതാവ് ദീപയടക്കമുള്ളവർ ശ്രീജയുടെ വീട്ടിലെത്തുകയും തർക്കം നടന്നതായും പ്രദേശവാസികൾ പറയുന്നു. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കോടികൾ എങ്ങോട്ടേക്ക് ഒഴുകിയെന്നും എങ്ങനെയൊക്കെ ചെലവഴിച്ചെന്നും അറിയാനാകൂ.








0 comments