നിലമ്പൂരിൽ 'ജോയ്' ഇല്ല, ഷൗക്കത്ത്; തമ്മിലടി രൂക്ഷമാക്കി യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം

മലപ്പുറം: പി വി അൻവറെ അപമാനിച്ച്, നിലമ്പൂരിൽ 'ജോയ്' ഇല്ലാതെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം. അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്താണ് സ്ഥാനാർഥി.
ഉപതെരഞ്ഞെടുപ്പിൽ അൻവർ ഫാക്ടർ പ്രവർത്തിക്കുമെന്നു തട്ടിവിട്ട യുഡിഎഫ് നേതാക്കൾ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അൻവറിനെ തള്ളി. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ തുടക്കം മുതൽ അൻവർ എതിരായിരുന്നു. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കായാണ് അൻവർ പരസ്യമായി രംഗത്തെത്തിയത്. ജോയ് ഫുൾ സ്ഥാനാർഥിവരുമെന്നാണ് അൻവർ അവകാശപ്പെട്ടത്. തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ നിലമ്പൂരിൽ സ്ഥാനാർഥിയാകുമെന്ന് അൻവർ പ്രതികരിച്ചിട്ടുണ്ട്.
തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ സിനിമാരംഗത്തും പ്രവർത്തിച്ച ഷൗക്കത്തിന്റെ രാഷ്ട്രീയ പ്രവേശം കെഎസ്‌യുവിലൂടെയാണ്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്, നിലമ്പൂർ നഗരസഭ ചെയർമാൻ, സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഉമ്മ: പി വി മറിയം. ഭാര്യ: മുംതാസ് ബീഗം. മക്കൾ: ഡോ. ഒഷിൻ സാഗ. ഒലിൻ സാഗ, ഒവിൻ സാഗ.









0 comments