ഹർജി പിൻവലിക്കാൻ അനുവദിച്ചില്ല , തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഹർജിയായിരുന്നോയെന്ന് കോടതി
നിലമ്പൂരിലെ ആദിവാസികളുടെ പ്രശ്നങ്ങൾ ; സ്വയം പരിഹാരം കാണണമെന്ന് ആര്യാടൻ ഷൗക്കത്തിനോട് ഹെെക്കോടതി

കൊച്ചി
നിലമ്പൂർ മണ്ഡലത്തിലെ ആദിവാസികളുടെ മനുഷ്യാവകാശപ്രശ്നങ്ങൾ പരിഹരിക്കാൻ സ്വയം നടപടികൾ സ്വീകരിക്കൂ എന്ന് സ്ഥലം എംഎൽഎയും ഹർജിക്കാരനുമായ ആര്യാടൻ ഷൗക്കത്തിനോട് ഹൈക്കോടതി.
എംഎൽഎ ആയ സാഹചര്യത്തിൽ ഹർജി പിൻവലിക്കാൻ അനുമതി തേടിയപ്പോഴാണ് ഹൈക്കോടതിയുടെ അസാധാരണ നിർദേശം. ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാനുള്ള കർത്തവ്യം എംഎൽഎ എന്നനിലയിൽ ഏറ്റെടുക്കണമെന്നും അതിന് ആര്യാടൻ ഷൗക്കത്തിനെ ചുമതലപ്പെടുത്തുകയാണെന്നും ഹർജി തീർപ്പാക്കി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഹർജി പിൻവലിക്കാനുള്ള ആവശ്യം ആശ്ചര്യപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഹർജിയായിരുന്നോയെന്ന് സംശയിക്കുന്നുവെന്നും കോടതി വാക്കാൽ പറഞ്ഞു.
ആദിവാസിപ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ആര്യാടൻ ഷൗക്കത്ത് രണ്ടുവർഷംമുമ്പ് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് നടപടി. പൊതുതാൽപ്പര്യ ഹർജിയിലെ ആവശ്യങ്ങൾ എംഎൽഎയുടെ പ്രകടനപത്രികയാകണമെന്ന് കോടതി പറഞ്ഞു. ജനപ്രതിനിധിയായ ഹർജിക്കാരന് പരാതികൾ ഉന്നയിക്കാനും പരിഹാരം നേടാനും ഹൈക്കോടതിക്കു പുറത്തും ഉചിതമാർഗങ്ങളുണ്ട്. അത് ഉപയോഗിക്കണം. ഈ വിഷയത്തിൽ കൂടുതൽ കടുത്ത നിരീക്ഷണങ്ങൾക്ക് കോടതിയെ നിർബന്ധിക്കരുതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
2018ലും 2019ലും പ്രളയത്തിൽ ഒറ്റപ്പെട്ട ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി ഊരുകളിലെ ആദിവാസികുടുംബങ്ങളുടെ പുനരധിവാസമാണ് ആര്യാടൻ ഷൗക്കത്ത് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. 2023 ജൂലൈയിൽ നൽകിയ ഹർജിയാണ് പിൻവലിക്കാൻ ശ്രമിച്ചത്.









0 comments