വയനാട് ഗവ. മെഡിക്കൽ കോളേജിൽ അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരം; അഭിനന്ദിച്ച് മന്ത്രി

WYA
വെബ് ഡെസ്ക്

Published on Nov 14, 2025, 10:51 AM | 1 min read

കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി അതിസങ്കീർണമായ ആർത്രോസ്‌കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ വിജയകരമായി നടത്തി. ഓർത്തോപീഡിക്‌സ് വിഭാഗമാണ് ഈ പ്രൊസീജിയൽ നടത്തിയത്. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശി 63കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ മേഖലയിൽ ഏകദേശം മൂന്നു ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന സൗജന്യമായി ലഭ്യമാക്കാനായി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.


മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ സേവനങ്ങളിൽ സുപ്രധാന നാഴികക്കല്ലാണിത്. കീഹോൾ ആർത്രോസ്‌കോപ്പിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് തോളിൽ ശസ്ത്രക്രിയ നടത്തിയത്. വേദന കൂടുതലുള്ള പരമ്പരാഗത തുറന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് ഇത്തരം സാങ്കേതികവിദ്യ രോഗിയെ എളുപ്പത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.


ഓർത്തോപീഡിക്‌സ് യൂണിറ്റ് മേധാവി ഡോ. രാജു കറുപ്പലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. സുരേഷ്, ഡോ. ഇർഫാൻ, അനസ്തസ്റ്റിറ്റുമാരായ ഡോ. ബഷീർ, ഡോ. ഉസ്മാൻ, നഴ്‌സിംഗ് ടീം അംഗങ്ങൾ എന്നിവരുടെ നിസ്വാർത്ഥ ശ്രമങ്ങളും ശസ്ത്രക്രിയ വിജയകരമാക്കി. മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്ന രോഗി സുഖം പ്രാപിച്ചുവരുന്നു. ഈ നേട്ടത്തോടെ, വയനാട് മെഡിക്കൽ കോളേജും അത്യാധുനിക ആർത്രോസ്‌കോപ്പിക് സേവനങ്ങളുള്ള സംസ്ഥാനത്തെ നൂതന കേന്ദ്രങ്ങളുടെ പട്ടികയിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home