ആഡംബര ബൈക്കിനായി തർക്കം; അച്ഛന്റെ അടിയേറ്റ്‌ ചികിത്സയിലിരുന്ന മകൻ മരിച്ചു

son beaten to death by father
വെബ് ഡെസ്ക്

Published on Nov 25, 2025, 07:20 AM | 1 min read

തിരുവനന്തപുരം : അമ്പതുലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ്‌ ചികിത്സയിലായിരുന്ന മകൻ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കൾ രാവിലെയാണ് മരിച്ചത്‌. അച്ഛൻ വിനയാനന്ദനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. കഴിഞ്ഞമാസം ഒമ്പതിന്‌ ഇവരുടെ വീട്ടിലായിരുന്നു സംഭവം.


ആഡംബര ബൈക്ക് വാങ്ങാൻ പണം ആവശ്യപ്പെട്ട ഹൃദ്ദിക് ആദ്യം വിനയാനന്ദനെയാണ് വെട്ടുകത്തികൊണ്ട് ആക്രമിച്ചത്‌. തുടർന്ന് വിനയാനന്ദൻ ഹൃദ്ദിക്കിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു. വിനയാനന്ദനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ഹൃദ്ദിക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും ഇയാൾക്ക് മാനസികപ്രശ്‌നം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് വീട്ടുകാർ രോഗവിവരം പുറത്തറിയിച്ചില്ലെന്നാണ് സൂചന. മതിയായ ചികിത്സയും നൽകിയിരുന്നില്ല.


മകന്റെ പിടിവാശിയെ തുടർന്ന് വീട്ടുകാർ വായ്‌പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ജന്മദിനത്തിനുമുമ്പ് 50 ലക്ഷം മുടക്കി മറ്റൊരു ബൈക്ക് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് വഴക്കിട്ടത്‌. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് വിനയാനന്ദൻ. ബംഗളൂരുവിൽ കാറ്ററിങ് ടെക്‌നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏകമകനാണ്. അമ്മ: അനുപമ. വഞ്ചിയൂരിൽ ഇവർ വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിൽ എത്തിച്ച മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home