ഛത്തീസ്ഗഡില്‍ വിദ്യാർഥിനി സ്കൂളില്‍ ആത്മഹത്യ ചെയ്തു; പ്രിൻസിപ്പാൾ അറസ്റ്റിൽ

റായ്പൂർ : ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ സ്വകാര്യ സ്കൂളിൽ 15 വയസുകാരി ആത്മഹത്യ ചെയ്തു. പ്രിൻസിപ്പൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുകൂൾ കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം.
ബഗിച്ച പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതെന്ന് ജാഷ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ശശിമോഹൻ സിംഗ് പറഞ്ഞു. സർഗുജ ജില്ലയിലെ സീതാപൂർ സ്വദേശിയാണ് മരിച്ച പെൺകുട്ടി. മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് പ്രിൻസിപ്പാൾ കുൽദിപൻ ടോപ്‌നോ ലൈംഗികമായി ഉപദ്രവിച്ചതായി പറയുന്നത്. തുടർന്ന് ലൈംഗിക പീഡനത്തിന് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തി. സ്കൂൾ കാമ്പസിലെ ഹോസ്റ്റൽ അനധികൃതമാണെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂളിൽ 6 മുതൽ 12 വരെ ക്ലാസുകളിൽ ചേർന്ന 124 വിദ്യാർഥികളിൽ 22 ആൺകുട്ടികളും 11 പെൺകുട്ടികളും ഹോസ്റ്റലിൽ താമസിച്ചിരുന്നു. അനുമതിയില്ലാതെയാണ് ഇത് പ്രവർത്തിച്ചിരുന്നതെന്ന് ആരോപിക്കപ്പെടുന്നു. ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തു," അസിസ്റ്റന്റ് കമീഷണർ സഞ്ജയ് സിംഗ് പറഞ്ഞു. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും ബഗിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.








0 comments