ഡൽഹിയിൽ ആറു വയസുകാരനെ പിറ്റ്ബുൾ ആക്രമിച്ചു; ചെവി കടിച്ചുമുറിച്ചു

ന്യൂഡൽഹി : വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രേം നഗർ പ്രദേശത്ത് ആറുവയസുകാരൻ പിറ്റ്ബുള്ളിന്റെ ആക്രമണത്തിനിരയായി. നായ കുട്ടിയുടെ ചെവി കടിച്ചുമുറിച്ചു. പ്രേം നഗറിലെ കുട്ടിയുടെ വീടിന് പുറത്തുള്ള വഴിയിൽ വച്ചായിരുന്നു അപകടം. സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. ഇവരുടെ അയൽക്കാരന്റെ പിറ്റ്ബുള്ളാണ് കുട്ടിയെ ആക്രമിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നായ പാഞ്ഞുവന്ന് കുട്ടിയെ ഉപദ്രവിക്കുന്നതും തലയിൽ കടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ കുട്ടിയുടെ ചെവി അറ്റു. പരിസരവാസികൾ ഓടിയെത്തിയാണ് നായയിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. അറ്റുപോയ ചെവി പരിസരവാസികളിലൊരാൾ എടുക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കുട്ടിയുടെ പല്ലുകൾ തകർന്നതായും മുഖത്ത് ആഴത്തിലുള്ള മുറിവുകളുണ്ടായതായും മാതാപിതാക്കൾ പറഞ്ഞു.
ബിഎൻഎസ് സെക്ഷൻ 291, 125 (ബി) (മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവൃത്തി) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നായയുടെ ഉടമയായ രാജേഷ് പാലിനെ അറസ്റ്റ് ചെയ്തെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജേഷ് പാലിന്റെ മകൻ സച്ചിൻ പാലാണ് ഒന്നര വർഷം മുമ്പ് നായയെ വീട്ടിലേക്ക് കൊണ്ടുവന്നത്. സച്ചിൻ നിലവിൽ വധശ്രമക്കേസിൽ ജയിലിലാണ്.
ഇതേ നായ മുമ്പ് പ്രദേശത്തെ മറ്റ് നാല് കുട്ടികളെയും ആക്രമിക്കുകയും കടിക്കുകയും ചെയ്തിട്ടുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. പൊലീസിൽ പരാതിപ്പെടുകയും എല്ലാവരുടെയും സുരക്ഷയ്ക്കായി നായയെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഒരു നടപടിയും ഉടമ സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.








0 comments