കശ്‌മീരിൽ സമാധാനത്തിനായി പ്രവർത്തിക്കുന്നത്‌ ഇടതുപക്ഷം മാത്രം : അഖിബ് യൂസഫ്

aquib yusuf sfi
avatar
ഹർഷാദ്‌ മാളിയേക്കൽ

Published on Jun 29, 2025, 01:45 AM | 1 min read


പലസ്തീൻ–-സോളിഡാരിറ്റി നഗർ (കോഴിക്കോട്)

ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിതാണെന്ന് കവികൾ വാഴ്‌ത്തിയ നാടാണ് കശ്‌മീർ. സ്വന്തം നാട്ടിൽ കശ്‌മീരികളുടെ ജീവിതം സ്വർഗീയമല്ല. വിരുന്നെത്തിയവരുടെ ജീവൻ കവരുന്ന തീവ്രവാദി ആക്രമണങ്ങളെയും ഭരണകൂട ഭീകരതയെയും അതിജീവിച്ചാണ് അവരുടെ ജീവിതം. സമാധാനപൂർണമായ ജീവിതത്തിനായി നടത്തുന്ന ജീവൽസമരമാണ് അവർക്ക് രാഷ്ട്രീയം. കശ്‌മീരിന്റെ രാഷ്‌ട്രീയം പറയുകയാണ് എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്‌ കുൽഗാമിൽനിന്നെത്തിയ അഖിബ് യൂസഫ്.


കശ്‌മീർ 
പഹൽഗാമിനുശേഷം

അതിഭീകരമായ അനിശ്ചിതത്വമാണ് പഹൽഗാം ഭീകരാക്രമണം കശ്‌മീരിന് സമ്മാനിച്ചത്. സ്വയംഭരണാവകാശത്തിൽ കൈകടത്തിയ ഘട്ടത്തിൽ കേന്ദ്രം അവകാശപ്പെട്ടത് ഭീകരാക്രമണങ്ങൾ ഇല്ലാതാകുമെന്നും സമാധാനം പുലരുമെന്നുമാണ്. എന്നാൽ അതിലെ പൊള്ളത്തരമാണ് പഹൽഗാം ആക്രമണത്തിലൂടെ വെളിവാക്കപ്പെട്ടത്. ഭീകരർക്ക് പ്രാദേശിക സഹായം കിട്ടിയെന്ന വാദമുന്നയിച്ച് കശ്‌മീരികളെ വേട്ടയാടുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. ഇത്തരം ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതികരിക്കാൻപോലും സാധിക്കുന്നില്ല. പ്രതികരിക്കുന്നവർ ഭീകരർക്കൊപ്പമെന്ന് ചിത്രീകരിക്കാനും അടിച്ചമർത്താനുമാണ് ശ്രമം.


കശ്‌മീരിലെ 
വിദ്യാർഥി ജീവിതം

വിദ്യാർഥികൾ അനുഭവിക്കുന്ന മാനസികസമ്മർദം വലുതാണ്. ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന ബോധ്യം അവരിൽ നിറഞ്ഞുനിൽക്കുന്നു. മിലിട്ടറി ക്യാമ്പുകളാക്കി മാറ്റുന്ന സ്‌കൂളുകളിലെ കുട്ടികളുടെ മാനസികാവസ്ഥ വിവരണാതീതമാണ്‌. അതിനൊപ്പമാണ് കേന്ദ്ര സർക്കാർ വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനും നവവിദ്യാഭ്യാസ നയങ്ങൾ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നത്. ഇതിനെല്ലാം എതിരായ പോരാട്ടമാണ് ജമ്മു കശ്‌മീരിലെ വിദ്യാർഥി പ്രസ്ഥാനം നടത്തുന്നത്.


ജമാഅത്തെ 
ഇസ്ലാമിയുടെ 
മതരാഷ്‌ട്രവാദം

തെക്കൻ കശ്‌മീരിൽ കുൽഗാം കേന്ദ്രീകരിച്ച് ഇടതുപക്ഷം വലിയ മുന്നേറ്റമാണ് സംഘടിപ്പിക്കുന്നത്‌. പാവപ്പെട്ട മനുഷ്യർക്കായി സംസാരിക്കുന്നത് ഇടതുപക്ഷമാണെന്ന് തിരിച്ചറിഞ്ഞ വലതുപക്ഷ ശക്തികൾ വലിയ ആക്രമണമാണ് നടത്തുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുൽഗാമിൽ ഇടതുപക്ഷ സ്ഥാനാർഥി യൂസുഫ് തരിഗാമിക്കെതിരെ മത്സരിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിക്കാൻ അവർക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുന്നത് ബിജെപിയും കേന്ദ്രസർക്കാരുമാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയ കൂട്ടുകെട്ടുകളെ ചെറുത്താണ് കശ്‌മീരിൽ ഇടതുപക്ഷം മുന്നേറുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Home