ആന്റണി പെരുമ്പാവൂർ വഴങ്ങി; സുരേഷ്കുമാറിന് എതിരായ പോസ്റ്റ് പിൻവലിച്ചു

തിരുവനന്തപുരം: നിർമാതാവ് സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചു. ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ നോട്ടീസിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. സുരേഷ് കുമാറിനെ വിമർശിച്ച് ആന്റണി പങ്കുവെച്ച കുറിപ്പ് നിലവിൽ ഫെയ്‌സ്ബുക്കിൽ കാണാനില്ല.
ഫിലിം ചേംബറിന്റെ സൂചനാസമര തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ആന്റണി പോസ്റ്റ് ഡിലീറ്റ് ചെയ്തത്. പോസ്റ്റ് പിൻവലിച്ച് കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഒരാഴ്ച സമയമാണ് ഫിലിം ചേമ്പർ ആൻറണി പെരുമ്പാവൂരിന് നൽകിയിരുന്നത്. മറുപടി നൽകിയില്ലെങ്കിൽ ശക്തമായ ശിക്ഷാമനടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പർ വ്യക്തമാക്കിയിരുന്നു.

സംഘടനയുടെ അഭിപ്രായമെന്ന നിലയിൽ വ്യക്തിപരമായ കാര്യങ്ങൾ പൊതുജനങ്ങൾക്കു മുന്നിൽ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് ചോദിച്ചു കൊണ്ടുള്ള ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വലിയ വിവാദമായിരുന്നു. എന്നാൽ പെരുമ്പാവൂരിന് പിന്തുണയുമായി മോഹൻലാൽ, പൃഥ്വിരാജ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, ചെമ്പൻ വിനോദ് എന്നിവർ രംഗത്തെത്തി.
നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പങ്കുവച്ചത്. ഓകെ അല്ലേ അണ്ണാ എന്ന് ക്യാപ്ഷനോടെയാണ് നടൻ പൃഥ്വിരാജ് ആന്റണിയുടെ പോസ്റ്റ് പങ്കുവച്ചത്. വെൽ സെഡ് ബ്രദർ എന്നാണ് നടൻ ചെമ്പൻ വിനോദ് കുറിച്ചത്. ആന്റണി പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നുവെന്ന് സംവിധായകൻ വിനയനും കുറിച്ചു.









0 comments