ആന്റോയുടെ ആരോപണം ഗുരുതരം ; സണ്ണിയുടെ പരിവേഷവും ഗ്രൂപ്പും വെല്ലുവിളി

Anto Antony
avatar
സി കെ ദിനേശ്‌

Published on May 10, 2025, 01:44 AM | 1 min read


തിരുവനന്തപുരം

നിർണായക സമയങ്ങളിൽ പത്തിവിടർത്തുന്ന പരമ്പരാഗത, താൽകാലിക ഗ്രൂപ്പുകളും ‘ക്രിസ്‌ത്യൻ പ്രസിഡന്റ്‌’ എന്ന പരിവേഷവും കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിന്‌ വെല്ലുവിളിയാകും. എന്തുകൊണ്ട്‌ ക്രിസ്‌ത്യൻ പ്രസിഡന്റ്‌ വേണമെന്ന്‌ നേതാക്കൾ വാശി കാണിച്ചുവെന്നാണ്‌ കോൺഗ്രസ്‌ വൃത്തങ്ങളിൽ ചൂടുപിടിച്ച ചർച്ച.


സണ്ണി ജോസഫിന്റെ വരവിനെ യുഡിഎഫ്‌ പത്രം വിശേഷിപ്പിച്ചത്‌ ‘ക്രൈസ്‌തവ സമുദായത്തെ ഒപ്പംനിർത്താനാണ് പാർടി ശ്രമിക്കുന്നത്. കത്തോലിക്കസഭയുടെ പിന്തുണ പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫിനാണ്’ എന്നാണ്‌.


ഒരേസമയം മതനിരപേക്ഷത പറയുകയും എല്ലാ വർഗീയതയെയും കൂട്ടുപിടിക്കുകയുമാണ്‌ കോൺഗ്രസ്‌ തന്ത്രമെന്ന്‌ വീണ്ടും തെളിഞ്ഞു. കേരളത്തിൽ ക്രൈസ്‌തവർക്കിടയിൽ വർഗീയവിഷം പടർത്തുന്നത്‌ ബിജെപി അനുഭാവമുള്ള ‘കാസ’യാണ്‌. കോൺഗ്രസ്‌ തഴഞ്ഞുവെന്ന്‌ പ്രചരിപ്പിച്ച അവരുടെ പിന്തുണ ഉറപ്പിക്കലാണോ ലക്ഷ്യമെന്ന സംശയവും ശക്തം.


തന്നെ താറടിക്കാനും തെറിപ്പിക്കാനും ചിലർ ബിജെപിയുടെ പിന്തുണ തേടിയെന്ന ഗുരുതരമായ ആരോപണമാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഒന്നാംപേരുകാരനായിരുന്ന ആന്റോ ആന്റണി ഉന്നയിച്ചത്‌. കൂടുതൽ കാര്യങ്ങൾ പിന്നീട്‌ പറയമെന്ന ഭീഷണിയുമുണ്ട്‌. ഗ്രൂപ്പ്‌ നോക്കിയല്ല പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന്‌ നേതൃത്വം അവകാശപ്പെടുമ്പോഴും പി സി വിഷ്ണുനാഥും ഷാഫി പറമ്പിലും പ്രധാന ഭാരവാഹികളായതിൽ എ, സതീശൻ ഗ്രൂപ്പുകാർ ആഹ്ലാദത്തിലാണ്‌. ഗ്രുപ്പ്‌ ഇനി ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയിലാണവർ.


ഏതാനും മാസംമുമ്പ്‌ കെപിസിസി യോഗത്തിൽ ‘മിഷൻ 2025’ അവതരിപ്പിക്കാൻ എഴുന്നേറ്റ വി ഡി സതീശനെ തടഞ്ഞയാളാണ്‌ വർക്കിങ്‌ പ്രസിഡന്റായി നിയമിച്ച എ പി അനിൽകുമാർ. ഏത്‌ ടീം തലപ്പത്തു വന്നാലും അഭിപ്രായം പറയുന്ന കെ മുരളീധരനും ശശി തരൂരും ചെന്നിത്തലയും എങ്ങനെയെല്ലാം പ്രതികരിക്കുമെന്നതും പുതിയ പ്രസിഡന്റിന്‌ തലവേദനയാകും.



deshabhimani section

Related News

View More
0 comments
Sort by

Home