കോൺഗ്രസിലെ ഉപജാപകസംഘം ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചു : ആന്റോ ആന്റണി

കോട്ടയം
കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചതിനുപിന്നാലെ ഗുരുതര ആരോപണങ്ങളുമായി ആന്റോ ആന്റണി എംപി. തനിക്കെതിരെ കോൺഗ്രസിലെ ഉപജാപകസംഘം ബിജെപിയുമായിചേർന്ന് പ്രവർത്തിച്ചെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘‘എനിക്കെതിരെ സൈബർ ആക്രമണം നടന്നു. അതിനുപിന്നിൽ ഉപജാപക സംഘമാണ്. അവർ ബിജെപിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. പറയാനുള്ളത് പിന്നീട് വിശദമായി പറയും. അർഹതപ്പെട്ട ധാരാളം സ്ഥാനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്’’–- ആന്റോ പറഞ്ഞു. ഫോട്ടോ കണ്ടാൽ ആളുകൾ തിരിച്ചറിയണമെന്ന കെ മുരളീധരന്റെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ "അദ്ദേഹത്തെ എല്ലാവരും കണ്ട് തിരിച്ചറിയുന്നുണ്ടല്ലോ' എന്നായിരുന്നു മറുപടി.
കോട്ടയം കുമാരനല്ലൂരിലെ ബന്ധുവീട്ടിലായിരുന്ന ആന്റോ ആന്റണി രാത്രി ഏഴിന് വീട്ടിലെത്തിയെങ്കിലും മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാതെ അകത്തിരുന്നു. ഏറെക്കഴിഞ്ഞാണ് പുറത്തിറങ്ങി പ്രതികരിച്ചത്. പ്രതികരണം കഴിഞ്ഞയുടൻ വീടിനകത്തുകയറി വാതിൽ വലിച്ചടച്ചു.









0 comments