എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകൾ രൂപീകരിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: റാഗിങ് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും അടിസ്ഥാന തല ഇടപെടലും നടത്തേണ്ടതുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിൽ അച്ചടക്ക സമിതികൾ നിലവിലുണ്ട്. സ്കൂൾ കൗൺസലിങ് പദ്ധതിയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും നിലവിലുണ്ട്. എന്നാൽ റാഗിങ് പോലുള്ള സംഭവങ്ങളെ പൂർണമായി ഇല്ലാതാക്കാൻ ഇനിയും ആയിട്ടില്ല. അതുകൊണ്ട് ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിലും റാഗിങ് വിരുദ്ധ സെല്ലുകൾ കൂടി കൊണ്ടുവരുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
റാഗിങ് വിരുദ്ധ സെല്ലുകളുടെ ഘടന, പ്രവർത്തനം എന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സമിതിയെ നിയോഗിക്കുന്ന കാര്യവും പരിഗണനയിലാണ്. സ്കൂൾ തലത്തിൽ മാത്രമല്ല മുതിർന്ന ക്ലാസുകളിലും കോളേജിലുമൊക്കെ ചെല്ലുമ്പോൾ വിദ്യാർഥികൾ സ്വീകരിക്കേണ്ട സമീപനം ചെറുപ്പത്തിൽ തന്നെ സ്വായത്തമാക്കാൻ റാഗിങ് വിരുദ്ധ സെല്ലിന്റെ പ്രവർത്തനത്തിലൂടെ കഴിയണം.
അധ്യാപക വിദ്യാർഥി ബന്ധം ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. കുട്ടികൾക്ക് അവർ അനുഭവിക്കുന്ന വിഷമതകൾ അധ്യാപകരോട് പറയാൻ ആകണം. അത് സഹനുഭൂതിയോടെ കേൾക്കാനും അതിന് അനുസരിച്ച് കൂട്ടായി പ്രവർത്തിക്കാനും അധ്യാപകർക്കും ആകണമെന്നും മന്ത്രി കൂട്ടിചേർത്തു.









0 comments