റാഗിങ് നിരോധന നിയമഭേദഗതി ; കരടുബിൽ നിയമവകുപ്പിന്റെ പരിശോധനയിലെന്ന് സർക്കാർ

കൊച്ചി
നിർദിഷ്ട റാഗിങ് നിരോധന നിയമ ഭേദഗതിക്കായുള്ള കരടുബിൽ നിയമവകുപ്പിന്റെ സൂക്ഷ്മപരിശോധനയിലാണെന്നും തുടർന്ന് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തലിനുശേഷം മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിക്കുമെന്നും സംസ്ഥാന സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. തുടർന്ന് കരടുബില്ലിന് നിയമവകുപ്പ് ഒരുമാസത്തിനകം അന്തിമരൂപം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഇത്തരവിൽ നിർദേശിച്ചു.
നിയമഭേദഗതിക്ക് സർക്കാർ തന്നെ മുൻകൈയെടുത്ത സാഹചര്യത്തിൽ വേഗത്തിൽ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. റാഗിങ് തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി നൽകിയ ഹർജിയിലാണ് നടപടി. റാഗിങ്ങുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുന്നത്.
കോളേജുകളിലും ഹോസ്റ്റലുകളിലും ശാരീരികവും മാനസികവും ലൈംഗികവുമായ എല്ലാ ഭീഷണികളും റാഗിങ്ങിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് കെൽസ ആവശ്യപ്പെട്ടിട്ടുള്ളത്. അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി രൂപീകരിച്ച കർമസമിതിയാണ് കരടുനയം രൂപീകരിച്ചത്. സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി എ ഷാജി, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരയാണൻ എന്നിവർ ഹാജരായി.









0 comments