നടിമാർക്കെതിരായ പരാമർശം: ‘ആറാട്ടണ്ണൻ‘ റിമാൻഡിൽ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മലയാളസിനിമാ നടിമാർക്കെതിരെ അശ്ലീലപരാമർശം നടത്തിയ കേസിൽ വ്‌ളോഗർ സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ-38) റിമാൻഡിൽ. എറണാകുളം എ സി ജെ എം കോടതി 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവും ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കളമശേരി സ്വദേശിയായ സന്തോഷിനെ എറണാകുളം നോർത്ത് പൊലീസ് വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
താരസംഘടന അമ്മയുടെ അഡ്ഹോക് കമ്മിറ്റി അംഗം നടി അൻസിബ ഹസ്സൻ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം രാത്രിയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷ് അശ്ലീലപരാമർശം നടത്തിയത്. സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു പറഞ്ഞത്. വൈകാതെ വീഡിയോ സന്തോഷ് നീക്കിയെങ്കിലും വ്യാപകമായി പ്രചരിച്ചു. ഇത് താരസംഘടനയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരാതി നൽകിയത്.
നടി കുക്കു പരമേശ്വരൻ, ആലപ്പുഴ സ്വദേശിയായ നടി ഉഷ ഹസീന എന്നിവരും സന്തോഷിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി ഫോൺ കണ്ടെടുത്തു. ഇത് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലും പ്രതിയാണിയാൾ.









0 comments