പാട്ടിന്റെ 
വഴികളിലൂടെ 
അനിത ഷേഖ്‌

anitha shaiq
avatar
ആർ ഹേമലത

Published on Jun 21, 2025, 02:22 AM | 1 min read


കൊച്ചി

സ്‌ത്രീകൾ അധികം കടന്നുവരാത്ത സംഗീതസംവിധാന രംഗത്ത്‌ സ്വതസിദ്ധമായ ശൈലിയിൽ ചുവടുറപ്പിക്കുകയാണ്‌ പുതുതലമുറ സംഗീതസംവിധായിക അനിത ഷേഖ്‌. പാട്ടുകാരുടെ നിരയിൽ നിരവധി സ്‌ത്രീകളുണ്ടെങ്കിലും സംഗീതസംവിധാന രംഗത്ത്‌ ചുരുക്കമാണ്‌.


കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ്‌ കോർപറേഷൻ വനിതാപ്രതിഭകളെമാത്രം ഉപയോഗിച്ച്‌ നിർമിക്കുന്ന ‘മുംമ്‌ത’ എന്ന സിനിമയുടെ സംഗീതസംവിധായികകൂടിയാണ്‌ തിരുവനന്തപുരം സ്വദേശിനി അനിത ഷേഖ്‌. ക്രോസ്‌റോഡ്‌, കബീറിന്റെ ദിവസങ്ങൾ എന്നീ സിനിമകളിൽ സ്വതന്ത്ര സംഗീതസംവിധായികയായാണ്‌ തുടക്കം. അനിതയ്‌ക്ക്‌ പ്രതീക്ഷ നൽകുന്നവയാണ്‌ ‘മുംമ്‌ത’യും ആർ എസ്‌ വിമൽ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത സിനിമയും.


തമിഴ്, കന്നട, തെലുഗു, ഒറിയ, പഞ്ചാബി ഭാഷകളിലായി നിരവധി ചലച്ചിത്രഗാനങ്ങളും സൂഫിഗീതങ്ങളും പാടിയിട്ടുണ്ട്. സൂഫി കവിതകൾക്കൊപ്പം മീരാഭജനും ഗസലും ഖവ്വാലിയും വേദിയിൽ അവതരിപ്പിക്കാറുമുണ്ട്‌. തിരുവിതാംകൂർ രാജാക്കന്മാരുടെ അംഗരക്ഷകരായി ഹൈദരാബാദിൽനിന്ന്‌ എത്തിയ പത്താൻ പരമ്പരയിലാണ്‌ അനിതയുടെ കുടുംബവേര്‌. സംഗീതാധ്യാപികയും ആകാശവാണിയിൽ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്ന അമ്മ സിറാജുന്നിസ ബീഗമാണ് ആദ്യഗുരു. എം ജി രാധാകൃഷ്ണൻ, ഡോ. ഓമനക്കുട്ടി, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, പി ആർ കുമാരകേരളവർമ, ഗുരു ഉസ്താദ് ദേവ് ദിൻദാർജി തുടങ്ങിയവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. ഐപിഎൽ കേരള ക്രിക്കറ്റ് ടീമായ കൊച്ചിൻ ടസ്‌കേഴ്‌സിനുവേണ്ടി 2011-ൽ അനിത രചനയും സംഗീതസംവിധാനവും നിർവഹിച്ച വീഡിയോ ആൽബം ശ്രദ്ധനേടി. 2013-ൽ മീരാഭായി, അമീർ ഖുസ്രു, ഫർഹദ് ഷഹ്‌സാദ്, ബാബ ബുല്ലേഷാ, ക്വാസിർ രത്‌നഗിർവി എന്നിവരുടെ തെരഞ്ഞെടുത്ത രചനകൾ ഉൾപ്പെടുത്തിയ സത്‌രംഗീ എന്ന ആൽബവും ശ്രദ്ധിക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home