ബിജെപിയെ പ്രതിക്കൂട്ടിലാക്കി അനിൽകുമാറിന്റ ആത്മഹത്യാകുറിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കിയ ബിജെപി കൗൺസിലർ നേരത്തെ തന്നെ പ്രശ്നങ്ങളെക്കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായി വിവരം. തിരുമല വാർഡ് കൗൺസിലറായിരുന്ന കെ അനിൽകുമാറിനെ ഇന്ന് രാവിലെ തിരുവനന്തപുരം കോർപറേഷനിലെ വാർഡ് കൗൺസിൽ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പും അനിലിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. വ്യക്തിപരമായി വളരെ അടുപ്പമുള്ള ആളായിരുന്നിട്ടും എന്തുകൊണ്ടാണ് ബിജെപി അധ്യക്ഷൻ അനിൽകുമാറിന്റെ കടബാധ്യതയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കാതിരുന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
വലിയശാലയിലെ ഫാം ആൻഡ് ടൂർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ അനിൽ ഭാരവാഹിയായിരുന്നു. ഇവിടെ സാമ്പത്തിക പ്രതിസന്ധി വന്നതോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ബിജെപി നേതാക്കളെയും സംസ്ഥാന നേതൃത്വത്തെയും പ്രശ്നം ധരിപ്പിച്ചിട്ടും പാർടി സഹായിച്ചിരുന്നില്ല. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാൻ പാർടി ഇടപെടൽ നടത്തിയില്ലെന്നും അനിലിന്റെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. ബിജെപി നേതൃത്വത്തിനെതിരെയും അനിൽ കുറിച്ചതായാണ് വിവരം. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു അനിൽ.
സൊസൈറ്റിയിൽ നിന്നും ലോൺ എടുത്തവരിൽ ഏറെയും ബിജെപി പ്രവർത്തകർ തന്നെയായിരുന്നു. ഇവർ പണം തിരികെ അടയ്ക്കാതയതോടെ സൊസൈറ്റിക്ക് വലിയ തുക ബാധ്യതയായി. പ്രശ്നത്തിന് പരിഹരിഹാരം കാണാൻ ശ്രമിക്കാതെ സംസ്ഥാന നേതൃത്വവും കൈയൊഴിഞ്ഞതോടെയാണ് അനിൽ കുമാറിന്റെ മരണമെന്നാണ് ആരോപണം. എന്നാൽ ഇത് ബിജെപി നേതാവ് വി വി രാജേഷ് നിഷേധിച്ചു. അനിൽ ഭാരവാഹിയായ സൊസൈറ്റിയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും പാർടി ഇടപെട്ടിരുന്നു എന്നുമാണ് വി വി രാജേഷിന്റെ പ്രതികരണം.
അതേസമയം, ബിജെപി കൗൺസിലറുടെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ ജി പ്രമോദിനെ കയ്യേറ്റം ചെയ്ത് കാമറ നശിപ്പിച്ചു. വനിതാ മാധ്യമപ്രവർത്തകരെയടക്കം മർദിച്ചു. ന്യൂസ് 18 കേരളം, മാതൃഭൂമി, റിപ്പോർട്ടർ ടിവി, 24 ന്യൂസ് ചാനലുകളിലെ കാമറമാന്മാരെയും ന്യൂസ് മലയാളം, മാതൃഭൂമി ന്യൂസ് ചാനലുകളിലെ വനിതാ മാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്തു. നിരവധിപേർക്ക് പരിക്കേറ്റു. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാറിന്റെ ആത്മഹത്യാകുറിപ്പിൽ പരാമർശമുണ്ട്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് ബിജെപി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു.









0 comments