അവയവദാനം വേഗത്തിലാകും; ഓഫീസുകൾ ലയിപ്പിച്ച് കെ സോട്ടോ
print edition ഏഴു ജീവനിൽ തുടിച്ച് അനീഷ് യാത്രയായി

എ ആർ അനീഷിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലേക്ക് ഗാർഡ് ഓഫ് ഹോണർ നൽകാൻ എത്തിച്ചപ്പോൾ പൂക്കൾ നൽകി അന്ത്യോപചാരം അർപ്പിക്കുന്ന ആശുപത്രി ജീവനക്കാർ
കോട്ടയം
ഏഴുപേർക്ക് പുതുജീവൻ നൽകിയ അനീഷിന് നന്ദിയോടെ യാത്രാമൊഴിയേകി കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാർ. പുഷ്പങ്ങൾ അർപ്പിച്ചാണ് ഡോക്ടർമാരും നഴ്‌സുമാരും വിടയേകിയത്. ആശുപത്രി സുരക്ഷാ ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഹോണർ നൽകി. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായിരുന്നു എ ആർ അനീഷ്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് തലയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബുധനാഴ്ച മസ്‌തിഷ്‌ക്കമരണം സംഭവിച്ചതോടെ അവയവദാനത്തിന് ബന്ധുക്കൾ തയ്യാറായി. ഹൃദയം, ശ്വാസകോശങ്ങൾ, വൃക്കകൾ, കൈപ്പത്തികൾ, നേത്രപടലങ്ങൾ എന്നീ അവയവങ്ങളാണ് നീക്കിയത്. കരൾ, പാൻക്രിയാസ് എന്നിവയും നൽകാൻ തയ്യാറായിരുന്നെങ്കിലും അവ ഉചിതമല്ലെന്ന മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തലിൽ മാറ്റിവയ്‌ക്കുകയായിരുന്നു. ബുധൻ വൈകിട്ട് ആറോടെയാണ് ശസ്‌ത്രക്രിയ നടപടികൾ ആരംഭിച്ചത്.
‘നിരവധി പേർക്ക് ജീവനേകിയാണ് അനീഷ് ലോകത്തോട് വിടപറഞ്ഞത്. അവയവങ്ങൾ സ്വീകരിക്കുന്നവരെല്ലാം ആരോഗ്യത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹം. അവയവങ്ങൾ ദാനം ചെയ്യാൻ കൂടുതൽ പേർക്ക് മാതൃകയാകാൻ അദ്ദേഹത്തിന്റെ ജീവിതത്തിന് സാധിക്കട്ടെ. കൈകൾ നൽകുന്നതായിരുന്നു ഏറെ പ്രയാസം. എന്നാൽ അത് സ്വീകരിക്കുന്ന ആളുടെ അവസ്ഥ അറിഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല’– അനീഷിന്റെ സഹോദരിമാരായ ലക്ഷ്മിയും അഞ്ജുവും പറഞ്ഞു.
വൈകിട്ടോടെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ച മൃതദേഹം ജയിൽ അധികൃതർ ഏറ്റുവാങ്ങി. തുടർന്ന് മരണാനന്തര ബഹുമതിയായി സംസ്കാര പരേഡും നൽകി. ജയിൽ വകുപ്പിനുവേണ്ടി ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പുഷ്പചക്രം സമർപ്പിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജയിൽ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് മൃതദേഹം തിരുവനന്തപുരം ഒറ്റശേഖരത്തെ കുറ്ററയിലെ വസതിയിൽ എത്തിച്ച ശേഷം സംസ്‌കരിച്ചു.
അവയവദാനം വേഗത്തിലാകും; ഓഫീസുകൾ ലയിപ്പിച്ച് കെ-സോട്ടോ
തിരുവനന്തപുരം
അവയവ മാറ്റിവയ്‌ക്കൽ രംഗത്ത് വേഗതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) മേഖലാ ഓഫീസുകൾ ഏകീകരിച്ചു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനം ഏകോപിപ്പിക്കുന്ന ഡിസീസ്‌ഡ് ഡോണർ മൾട്ടി ഓർഗൻ ട്രാൻസ് പ്ലാന്റ് പ്രോഗ്രാമിന്റെ സോണൽ, റീജണൽ ഓഫീസുകളെല്ലാം ഇനി കെ-സോട്ടോയുടെ കേന്ദ്രീകൃത നിയന്ത്രണത്തിലായിരിക്കും.
ട്രാൻസ്‌പ്ലാന്റ് കോ ഓർഡിനേറ്റർമാരുടെ നിയമനം, പോസ്റ്റിങ്, അടിയന്തര സാഹചര്യങ്ങളിൽ ഏത് മേഖലയിലേക്കും ചുമതല നൽകൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും ഇനി എക്സിക്യൂട്ടീവ് ഡയറക്ടർക്കായിരിക്കും. കേന്ദ്രീകൃത ഉത്തരവ് നടപ്പാക്കിയശേഷം നടന്ന ആദ്യത്തെ സുപ്രധാന അവയവദാന പ്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി നടത്തിയത്.









0 comments