ഇരുചക്രവാഹന തട്ടിപ്പ്; ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും അനന്തുകൃഷ്ണൻ പണം തട്ടി

പാലാ: ബിജെപി നേതാക്കളുമായി ബന്ധം സ്ഥാപിച്ച് സിഎസ്ആർ ഫണ്ട് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണൻ വിശ്വാസികളെയും കബളിപ്പിച്ചതായി വിവരം. അനന്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഉൾപ്പെട്ട സർക്കാരിതര സന്നദ്ധ സംഘടനകളുടെ (എൻജിഒ) കോൺഫെഡററേഷന്റെ വാഗ്ദാനത്തിൽ കുടുങ്ങി പകുതി വിലയ്ക്ക് സ്കൂട്ടർ വാങ്ങാൻ പണം നൽകി പാലായിൽ തട്ടിപ്പിനിരയായ പത്തോളംപേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പാലാ അന്തീനാട്ടുള്ള ക്ഷേത്രത്തിന്റെ ഭാരവാഹിയുടെയും ഇയാളുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നും 40,000 മുതൽ 60,000 രൂപ വരെ തട്ടിയെടുത്തതായാണ് വിവരം. തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെ ഇവർ നൽകിയ പരാതി പ്രകാരം കോടതിയിൽ കേസ് നടന്നു വരികയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ സ്ഥാനാർഥിയായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ജെ പ്രമീളാദേവിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഉണ്ടാക്കിയ പരിചയത്തിന്റെ മറവിലാണ് കുടയത്തൂർ സ്വദേശിയായ അനന്തുകൃഷ്ണൻ ക്ഷേത്ര ഭാരവാഹി ഉൾപ്പെടെയുള്ള വിശ്വാസികളെയും തടിപ്പിന് ഇരയാക്കിയത്.
അനന്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള എൻജിഒ കോൺഫെഡററേഷൻ കഴിഞ്ഞ ജൂലൈയിൽ ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച യോഗത്തിലാണ് ക്ഷേത്രഭാരവാഹിയും കൂട്ടരും പണം നൽകിയത്. ഇവർക്ക് പുറമെ പാലായിൽ പണം നഷ്ടപ്പെട്ട പലരും നാണക്കേട് ഭയന്ന് ബിജെപി സംഘത്തിന്റെ തട്ടിപ്പിന് ഇരയായ വിവരം പുറത്ത് പറയാൻ മടിക്കുകയാണ്. സംസ്ഥാന വ്യാപകമായി നടത്തിയ സഹസ്രകോടികളുടെ തടിപ്പ് വിവരം പുറത്ത് വന്നതോടെ ഇവരിൽ ചിലർ പൊലിസിന് ഇ മെയിലിൽ പരാതി നൽകാനും സന്നദ്ധരായിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ തയ്യാറാക്കുന്നതിനായി സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Related News

0 comments