അനന്തു ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ ; അക്കൗണ്ടിൽ എത്തിയത് 548 കോടി

കൊച്ചി : പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്‌ണന്റെ വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള 11 അക്കൗണ്ടിലേക്ക് 548 കോടി രൂപ വന്നതായി ക്രൈംബ്രാഞ്ച്. കസ്‌റ്റഡി അപേക്ഷയിലാണ് ഈ വിവരമുള്ളത്. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇയാളെ രണ്ടുദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിൽ വിട്ടു.
കടവന്ത്ര സോഷ്യൽ ബീ വെൻച്വേഴ്‌സ്, പ്രൊഫഷണൽ സർവീസ് ഇന്നൊവേഷൻസ്, ചിറ്റേത്തുകര ഗ്രാസ് റൂട്ട് ഇംപാക്ട് --ഫൗണ്ടേഷൻ എന്നിവയുടെ പേരിലുള്ള അക്കൗണ്ടിലാണ് വൻ തുക വന്നതായി കണ്ടെത്തിയത്. 2023 ഫെബ്രുവരിമുതൽ 2024 ഒക്‌ടോബർവരെയുള്ള കണക്കാണിത്. തട്ടിയെടുത്ത പണം ബിനാമി അക്കൗണ്ടുകളിലേക്കോ അടുത്ത ബന്ധുക്കളുടെയോ ജീവനക്കാരുടെയോ അക്കൗണ്ടുകളിലേക്കോ മാറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇരുചക്രവാഹനം പകുതിവിലയ്‌ക്ക് നൽകാമെന്നുപറഞ്ഞ് സംസ്ഥാന വ്യാപകമായി 20,163 പേരിൽനിന്ന് 60,000 രൂപവീതവും 4025 പേരിൽനിന്ന് 56,000 രൂപവീതവുമാണ് വാങ്ങിയതെന്നും അനന്തുകൃഷ്‌ണന്റെ അക്കൗണ്ടിൽ 143.52 കോടി രൂപ വന്നതായും കണ്ടെത്തി. admin.womenonwheels.online എന്ന വെബ്‌സൈറ്റിൽനിന്നാണ് വിവരം ലഭിച്ചത്. അനന്തുകൃഷ്‌ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ട്. പ്രതി വാങ്ങിക്കൂട്ടിയ വസ്‌തുവകകളുടെ വിവരവും ശേഖരിക്കുന്നുണ്ട്. സോഷ്യൽ ബീ വെൻച്വേഴ്‌സിലെ കംപ്യൂട്ടറുകളും മറ്റ് രേഖകളും കടത്തിക്കൊണ്ടുപോയതായും അന്വേഷകസംഘം ക ണ്ടെത്തി.
കൽപ്പറ്റ ജ്വാല ഓഫീസ് സീൽ ചെയ്തു
പാതിവില തട്ടിപ്പിൽ കൽപ്പറ്റ കേന്ദ്രീകരിച്ചുള്ള എൻജിഒ ജ്വാലയുടെ ഓഫീസ് പൊലീസ് സീൽചെയ്തു. ഏഴുകോടി രൂപയോളം ജ്വാലവഴി അനന്തുകൃഷ്‌ണനും സംഘവും തട്ടിയെന്നാണ് പരാതി. ജ്വാലക്കെതിരെ മൂന്നൂറിലധികം പരാതി ലഭിച്ചതോടെയാണ് പൊലീസ് നടപടി. ഓഫീസും ജ്വാല നടത്തിയിരുന്ന അക്ഷയകേന്ദ്രവും സീൽചെയ്‌തിട്ടുണ്ട്. രണ്ടിടങ്ങളും പൊലീസ് റെയ്ഡ് ചെയ്തു. കംപ്യൂട്ടറുകളും രേഖകളും കസ്റ്റഡിയിലെടുത്തു. ജില്ലയിലെ വിവിധ ഏജൻസികൾവഴി പണം നഷ്ടമായവരുടെ 1049 പരാതിയാണ് പൊലീസിന് ലഭിച്ചത്.
ലാലി വിൻസെന്റ് കെെപ്പറ്റിയത് 46 ലക്ഷം; പങ്ക് 21നകം അറിയിക്കണമെന്ന് കോടതി
പകുതിവില തട്ടിപ്പിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ പങ്ക് അറിയിക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച റിപ്പോർട്ട് 21നകം സമർപ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. ലാലിയുടെ മുൻകൂർ ജാമ്യഹർജി 24ലേക്ക് മാറ്റിയ കോടതി, അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീട്ടി.
മുഖ്യപ്രതി അനന്തുകൃഷ്ണനിൽനിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിൻസെന്റ് കൈപ്പറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ, ഇത് അഞ്ചുവർഷംകൊണ്ട് വക്കീൽഫീസായി വാങ്ങിയതാണെന്ന് ഇവരുടെ അഭിഭാഷകൻ വാദിച്ചു. നിയമോപദേഷ്ടാവെന്ന നിലയിൽ അനന്തുവിനുവേണ്ടി പല കരാറുകളും തയ്യാറാക്കിനൽകിയത് ലാലിയാണെന്നും അറിയിച്ചു.
0 comments