ഷാജി എൻ കരുണിന്റെ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടം: സ്‌പീക്കർ

തിരുവനന്തപുരം: പ്രശസ്‌ത സിനിമ സംവിധായകൻ ഷാജി എൻ കരുണിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നിമസഭ സ്‌പീക്കർ എ എൻ ഷംസീർ. ഷാജി എൻ കരുണിന്റെ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹമെന്നും ഷംസീർ അനുശോചന കുറിപ്പിൽ പറഞ്ഞു.
അനുശോചന കുറിപ്പിന്റെ പൂർണരൂപം
ഏറെ ദുഃഖത്തോടെയാണ് പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗവാർത്ത അറിയുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ഈ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ്. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ജെ സി ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഓർമ്മകൾ മായും മുൻപേ ഈ ദുഃഖവാർത്ത എത്തുന്നത് വേദനാജനകമാണ്.
ഷാജി എൻ കരുൺ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മലയാള സിനിമയെ തന്റേതായ ശൈലിയിൽ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ പിറന്ന ഓരോ ചിത്രവും മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.
അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'പിറവി'ക്ക് കാൻ ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചത് അദ്ദേഹത്തിന്റെ പ്രതിഭയുടെ അംഗീകാരമായിരുന്നു. ഷാജി എൻ കരുണിന്റെ നിര്യാണത്തിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.









0 comments