എം ജിയിൽ സൂസൻ മേബിൾ തോമസിന്റെ പേരില്‍ ഇൻഡോർ സ്റ്റേഡിയം, ഭരണാനുമതിയായി

തിരുവനന്തപുരം: എം ജി യൂണിവേഴ്സിറ്റി കാമ്പസിൽ സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയവും അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സും നിർമ്മിക്കുന്നതിന് 47.81 കോടി രൂപയുടെ ഭരണാനുമതിയായി. നേരത്തെ 38.19 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതിയുടെ തുക ഇന്ന് ചേർന്ന മന്ത്രി സഭായോഗം വർദ്ധിപ്പിക്കുകയായിരുന്നു.
സ്പോർട്‌സ് കേരള ഫൗണ്ടേഷനെ എസ് പി വി ആയി ഉൾപ്പെടുത്തിക്കൊണ്ട്, കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കായിക യുവജനകാര്യ ഡയറക്ടർ നിർദേശിച്ച ഭേദഗതികളോടെ സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്‌സ് കോംപ്ലക്സ്, നിർമ്മാണത്തിന് പുറപ്പെടുവിച്ചിരുന്ന ഭരണാനുമതി ഉത്തരവ് 47,8108,000/- രൂപയായാണ് ഉയർത്തിയത്. എം ജി യൂണിവേഴ്സിറ്റിയിൽ പദ്ധതി നിർമ്മാണം ആരംഭിക്കുന്നതിനും അനുമതിയായി.
സ്റ്റേഡിയം സ്പോർട്‌സ് കോംപ്ലക്സിൽ ഒരുക്കുന്ന സൗകര്യങ്ങൾ
സിന്തറ്റിക് ട്രാക്ക്, ലോംഗ്ജംപ്, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ, ഹാമർ ത്രോ, ഷോട്ട്പുട്ട്, ഹൈജംപ്, പോൾ വോൾട്ട് എന്നിവയ്ക്കുള്ള പിറ്റുകൾ. സ്വിമ്മിംഗ് പൂൾ. ഇതോടനുബന്ധിച്ച് ചേഞ്ച് റൂമുകൾ, മറ്റു രാജ്യന്തര നിലവാരത്തിലുള്ള സൗകര്യങ്ങളും ഒരുക്കും മൾട്ടി പർപ്പസ് ഫ്ളഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയം. 45 മീറ്റർ നീളവും 35 മീറ്റർ വീതിയുമുള്ള സ്റ്റേഡിയത്തിൻറെ തറ തേക്കുതടികൊണ്ട് പാനൽ ചെയ്താണ് ഒരുക്കുക. രണ്ട് വോളിബോൾ കോർട്ടുകൾ, ഒരു ബാസ്ക്കറ്റ്ബോൾ കോർട്ട്, ഒരു ഹാൻബോൾ കോർട്ട്, 8 ബാഡ്മിൻറൺ കോർട്ടുകൾ, ടേബിൾ ടെന്നീസ് അരീന, ലോക്കർ മുറികൾ, ചേഞ്ച് റൂമുകൾ, ടോയ്ലറ്റുകൾ, ബാത്ത് റൂമുകൾ, രണ്ട് സ്റ്റോർ മുറികൾ, നാലു തട്ടുകളിലായി ഗാലറി എന്നിവയും ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ടാകും.
അക്കാദമിയ കോംപ്ലക്സ്: ക്ലാസ് മുറികൾ- 10, ഹ്യൂമൻ പെർഫോമൻസ് ലാബ്- 3, ഐസിടി ലാബ്, സൈക്കോളജി ലാബ്, സ്പോർടസ് ഫിസിയോളജി ലാബ്, ലൈബ്രറി, പെർഫോമൻസ് അനാലിസിസ് ലാബ്, 250 ഇരിപ്പിടങ്ങളുള്ള സെമിനാർ ഹാൾ, ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻറ് ഡയറക്ടർമാർ, പരിശീലകർ എന്നിവർക്കുള്ള മുറികൾ, അധ്യാപകർക്കായി ക്യുബിക്കിൾ പാർട്ടീഷ്യനോടുകൂടിയ ഹാൾ, 20 ഇരിപ്പിടങ്ങളുള്ള ബോർഡ് റൂം, റിസപ്ഷൻ ഏരിയ.
കേന്ദ്രീകൃത സ്പോർട്സ് ഹോസ്റ്റൽ: പുതിയ സ്പോർട്സ് കോംപ്ലക്സിൽ പരിശീലനം നേടുന്ന സ്കൂൾ മുതൽ കോളജ് തലം വരെയുള്ള നൂറു വിതം പുരുഷ, വനിതാ അത്ലിറ്റുകളെ താമസിപ്പിക്കാൻ സൗകര്യമുള്ള ഹോസ്റ്റൽ, പുരുഷ, വനിതാ താരങ്ങൾക്കായി പ്രത്യേക ഡൈനിംഗ് റൂം, മോഡേൺ കിച്ചൺ, പുരുഷൻമാർക്കും വനിതകൾക്കുമായി പ്രത്യേകം വാഷ് ഏരിയയും ബാത്ത് റൂമുകളും, പുരുഷ, വനിതാ പരിശീലകർക്കായി നാലു വീതം മുറികൾ, പുരുഷ വനിതാ വാർഡൻമാർക്കായി ഒന്നുവീതം മുറികൾ. വിവിധ കായിക ഇനങ്ങൾക്കുള്ള ഉപകരണങ്ങൾ. സ്പോർട്സ് ഹോസ്റ്റലുകളിലേക്കുള്ള ഫർണീച്ചറുകൾ, സ്റ്റോർ മുറികളിലേക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി തന്നെ ക്രമീകരിക്കും. ബാഡ്മിൻൺ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ തുടങ്ങിയവയ്ക്കായി സൗകര്യമനുസരിച്ച് നീക്കം ചെയ്യാവുന്ന പോസ്റ്റുകളായിരിക്കും ഒരുക്കുക.
ഒളിമ്പ്യൻമാർ ഉൾപ്പെടെ നിരവധി ദേശീയ, രാജ്യാന്തര താരങ്ങളെ സംഭാവന ചെയ്ത മഹാത്മാ ഗാന്ധി സർവകലാശാലയും അഫിലിയേറ്റഡ് കോളജുകളും കായിക മേഖലയിലെ അജയ്യത ഇപ്പോഴും നിലനിർത്തിപ്പോരുന്നു. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഏറ്റുമാനൂർ മണ്ഡലത്തിൽ വരുമ്പോൾവലിയ കായിക മുന്നേറ്റത്തിനുള്ള സാധ്യതയാണ് സർവകലാശാലയ്ക്കും കോട്ടയം ജില്ലയ്ക്കും തുറന്നുകിട്ടുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.









0 comments