അമീബിക്‌ മസ്‌തിഷ്‌കജ്വരം ; ജലസുരക്ഷ ഉറപ്പാക്കാനൊരുങ്ങി 
സിഡബ്ല്യുആർഡിഎം

amoebic meningoencephalitis
avatar
എം ജഷീന

Published on Sep 18, 2025, 02:34 AM | 1 min read


കോഴിക്കോട്‌

അമീബിക്‌ മസ്‌തിഷ്‌കജ്വരം കൂടുതൽ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ വെള്ളത്തിലെ അമീബയെ കണ്ടെത്തി ജലസുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനൊരുങ്ങി സിഡബ്ല്യുആർഡിഎം (ജലവിഭവ വികസന വിനിയോഗ കേന്ദ്രം). ജലാശയങ്ങളിൽ അമീബയെ കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങൾ സജ്ജീകരിക്കാനുള്ള ശ്രമത്തിലാണ്‌ കേന്ദ്രം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌ സന്ദർശിച്ച്‌ പ്രോട്ടോകോളും സംവിധാനങ്ങളും രീതികളും മനസ്സിലാക്കി സിഡബ്ല്യുആർഡിഎമ്മിൽ പിസിആർ പരിശോധനാ ഒരുക്കാനാണ്‌ ആലോചന. സന്ദർശനത്തിന്‌ അനുമതി ആവശ്യപ്പെട്ട്‌ ഹെൽത്ത്‌ ഡയറക്ടറേറ്റിലേക്ക്‌ സിഡബ്ല്യുആർഡിഎം ഡയറക്ടർ കത്തയച്ചു.


പൊതുജന സുരക്ഷ മുൻനിർത്തി പൊതു ജലാശയങ്ങളിലും മറ്റും അമീബയുടെ സാന്നിധ്യമറിയാനുള്ള പിസിആർ പരിശോധനാ ഉദ്യമം ശാസ്‌ത്രസ്ഥാപനങ്ങളിൽ നടക്കുന്നില്ല. ശരീര സ്രവങ്ങളിൽ അമീബയുടെ സാന്നിധ്യമറിയാനുള്ള പിസിആർ പരിശോധന തിരുവനന്തപുരം പബ്ലിക്‌ ഹെൽത്ത്‌ ലാബിൽ മാത്രമാണുള്ളത്‌. ഇതിനുള്ള പ്രധാന ഉപകരണമായ റിയൽ ടൈം പിസിആർ സിഡബ്ല്യുആർഡിഎമ്മിലുണ്ട്‌. മറ്റു രാസവസ്‌തുക്കൾ, രീതി, സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ്‌ മനസ്സിലാക്കേണ്ടത്‌. ഇതിനായാണ്‌ വിദഗ്‌ധ സംഘം ലാബ് സന്ദർശിക്കുക.


രോഗം കൂടുതൽ റിപ്പോർട്ട്‌ ചെയ്തതോടെ ഇത്‌ സംബന്ധിച്ച്‌ സംശയവും ആശങ്കയുമായി നിരവധി പേർ സിഡബ്ല്യുആർഡിഎമ്മിൽ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ്‌ ജലാശയങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി അമീബയുടെ സാന്നിധ്യം കണ്ടെത്താൻ ശ്രമം തുടങ്ങുന്നത്‌. ഇത്‌ നടപ്പായാൽ അമീബയുള്ള ജലാശയങ്ങൾ കൃത്യമായി ശുചീകരിക്കാനും കരുതൽ നടപടി എടുക്കാനുമാവും. പബ്ലിക്‌ ഹെൽത്ത്‌ ലാബ്‌ സന്ദർശിച്ച്‌ മറ്റു കാര്യങ്ങളെല്ലാം അനുകൂലമായാൽ എത്രയും പെട്ടെന്ന്‌ തുടർ നടപടിയുണ്ടാകുമെന്ന്‌ സിഡബ്ല്യുആർഡിഎം ഡയറക്ടർ ഡോ. മനോജ്‌ പി സാമുവൽ പറഞ്ഞു. ആശുപത്രികളിൽ മൈക്രോസ്‌കോപ്പിലൂടെയാണ്‌ അമീബയെ തിരിച്ചറിയുന്നത്‌. വൈദഗ്‌ധ്യമുള്ള മൈക്രോബയോളജിസ്റ്റ്‌ നിരീക്ഷിച്ച്‌ മനസ്സിലാക്കുന്നതാണിത്‌. പക്ഷേ ഇത്‌ അന്തിമമല്ല. എന്നാൽ ശരീര സ്രവങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി വെള്ളത്തിൽ അമീബയുടെ എണ്ണം വളരെ കുറവായതിനാൽ കണ്ടെത്തൽ എളുപ്പമല്ല. വെള്ളം ഫിൽറ്റർ ചെയ്‌ത്‌ ഡിഎൻഎ എടുത്ത്‌ പിസിആർ ചെയ്‌താലേ അറിയാനാകൂ.




deshabhimani section

Related News

View More
0 comments
Sort by

Home