‘അമ്മ’ സംഘടനാ തെരഞ്ഞെടുപ്പ്; മത്സരത്തിൽ നിന്ന് ബാബുരാജ് വിട്ടുനിൽക്കണം: വിജയ് ബാബു

കൊച്ചി: അമ്മ ജനറൽ ബോഡി തെരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് മാറി നിൽക്കണമെന്ന് നിര്‍മാതാവും നടനുമായ വിജയ്ബാബു. തനിക്കെതിരെ ആരോപണമുയർന്നപ്പോൾ വിട്ടുനിന്നിരുന്നെന്നും ആരോപണവിധേയനായ ബാബുരാജ് തെരഞ്ഞെടുപ്പ് സ്ഥാനാർത്തിത്വത്തിൽ നിന്നും വിട്ടുനിൽക്കാൻ തയാറാകണമെന്നും വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. വ്യക്തിയേക്കാൾ സംഘടനയാണ് പ്രധാനമെന്നും ഒരു സ്ത്രീ നേതൃത്വം വരട്ടെ എന്നും വിജയ് ബാബു കുറിച്ചു.
"എനിക്കെതിരെ ആരോപണമുയർന്നപ്പോൾ... ഞാൻ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം, കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം മറിച്ചു തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടനയെ നയിക്കാൻ നിങ്ങളെപ്പോലെ തന്നെ കാര്യക്ഷമതയുള്ള നിരവധി ആളുകൾ ഉള്ളപ്പോൾ എന്തിനാണ് തിടുക്കം. അതിനെക്കുറിച്ച് ഞാൻ ചർച്ച ചെയ്യുന്നില്ല. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും ഞാൻ വിശ്വസിക്കുന്നു"- വിജയ് ബാബു കുറിച്ചു.
മോഹൻലാൽ ഉൾപ്പെടെ പ്രമുഖരുടെ അഭാവത്തിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത് 74 പേരാണ്. വ്യാഴം വൈകിട്ട് അവസാനിച്ച പത്രികാസമർപ്പണത്തിനുശേഷം നടന്ന സൂക്ഷ്‌മപരിശോധനയിൽ 64 പേർ മത്സരയോഗ്യത നേടി. ഒന്നിലേറെ സ്ഥാനങ്ങളിലേക്ക് പലരും പത്രിക നൽകിയിട്ടുണ്ട്. ഇരുപത്തഞ്ചോളം സ്ഥാനാർഥികളാണ് രംഗത്തുള്ളത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന ജഗദീഷിനെ കൂടാതെ ശ്വേത മേനോൻ, രവീന്ദ്രൻ എന്നിവർ ഉൾപ്പെടെ ആറുപേരുണ്ട്. 31നാണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. തെരഞ്ഞെടുപ്പ് ആഗസ്‌ത് 15ന്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചുപേരാണുള്ളത്. അനൂപ് ചന്ദ്രൻ, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ബാബുരാജ് എന്നിവർ. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് -ഒമ്പതുപേരും ജോയിന്റ് സെക്രട്ടറി–13, ട്രഷറർ–9, 11 അംഗ എക്‌സിക്യൂട്ടീവിലെ നാല് വനിതാസംവരണം–8, ബാക്കി ഏഴ് സ്ഥാനത്തേക്ക്–14 പേർ എന്നിങ്ങനെയാണ് മത്സരാർഥികൾ.
ജോയി മാത്യുവിന്റെ പത്രിക സൂക്ഷ്‌മപരിശോധനയിൽ തള്ളി പോയിരുന്നു. കഴിഞ്ഞവർഷം രാജിവച്ചൊഴിഞ്ഞ ഭരണസമിതിയിൽ അംഗങ്ങളായിരുന്ന അൻസിബ, ടിനി ടോം, വിനു മോഹൻ എന്നിവരും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. 11 എക്‌സിക്യൂട്ടീവ് അംഗങ്ങളും ആറു ഭാരവാഹികളും ഉൾപ്പെടുന്ന 17 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്.









0 comments