അമ്മ തെരഞ്ഞെടുപ്പ്‌ ; പെൺശക്തിക്ക്‌ കരുത്തായത്‌ 
സർക്കാർ ഇടപെടൽ

amma election
വെബ് ഡെസ്ക്

Published on Aug 16, 2025, 02:03 AM | 1 min read


തിരുവനന്തപുരം

‘അമ്മ’യുടെ തലപ്പത്ത്‌ സ്‌ത്രീ ശക്തി അധികാരം ഉറപ്പിച്ചത് സിനിമാ മേഖലയിൽ സംസ്ഥാന സർക്കാർ നൽകിയ തുല്യനിതിയുടെ കൂടി ഫലം.


സിനിമാനിർമ്മാണ മേഖല നവീകരിക്കാനും ഇ‍ൗ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക്‌ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റിയും സിനിമാ കോൺക്ലേവും അമ്മയിലെ അംഗങ്ങൾക്ക് താരപരിവേഷങ്ങൾക്കപ്പുറം അവകാശങ്ങളെക്കുറിച്ചുള്ള അവബോധങ്ങൾ നൽകി. ഹേമ കമ്മറ്റി ഇതിൽ ഏറെ നിർണായകമാണ്. സിനിമ രംഗത്തുനിന്ന്‌ പരാതി ലഭിച്ച എല്ലാ കേസുകളും അന്വേഷിച്ച്‌ ശക്തമായ നടപടി എടുത്തു. രാജ്യത്തിന്‌ തന്നെ മാതൃകയാകും വിധം ഇ‍ൗ മേഖലയിലെ മുഴുവൻ പേരുടെയും പ്രാതിനിധ്യം ഉറപ്പാക്കിയായിരുന്നു സിനിമ കോൺക്ലേവ്‌ സംഘടിപ്പിച്ചത്‌. ആധുനിക കാലത്തിന്റെ സന്ദേശങ്ങളും സ‍ൗകര്യങ്ങളും കൂടി ഉൾക്കൊണ്ട്‌ സിനിമാമേഖല കൂടുതൽ സുതാര്യവും പരാതി രഹിതവുമാക്കാനുള്ള ശ്രമമാണ്‌ സർക്കാർ നടത്തുന്നത്‌. ശക്തരായ സ്‌ത്രീകൾ തന്നെ താരസംഘടനയുടെ തലപ്പത്ത്‌ വരുന്നത്‌ ഇ‍ൗ ശ്രമത്തിന്‌ കൂടുതൽ കരുത്ത്‌ പകരും.


ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌ സംബന്ധിച്ച്‌ ഒരു വിഭാഗം മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കിയപ്പോഴും വിവരാവകാശ കമീഷൻ തന്നെ അസാധാരണ നടപടികൾ സ്വീകരിച്ചപ്പോഴും സർക്കാർ എടുത്ത നിലപാട്‌ ‘ ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമ വിരുദ്ധ, - സ്ത്രീ വിരുദ്ധ പ്രവണതകളെയും ശക്തമായി തന്നെ നേരിടുക ’ എന്നതാണ്‌. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്‌ അക്കാര്യം വ്യക്തമാക്കിയത്‌.


നടി ആക്രമിക്കപ്പെട്ട സംഭവം ഉള്‍പ്പെടെയുള്ളവ ശക്തമായ നിയമ നടപടിക്ക്‌ വിധേയമായി. നടിമാര്‍ നല്‍കുന്ന പരാതികളിലെല്ലാം വിട്ടുവീഴ്‌ചയില്ലാതെ കേസെടുത്തു. അവസരം നല്‍കാമെന്ന്‌ പറഞ്ഞ്‌ സംവിധായകൻ പീഡിപ്പിച്ച കേസിൽ സംവിധായകനെതിരെ, മറ്റൊരു പരാതിയിൽ പ്രമുഖ നടനെതിരെ, പോക്സോ കേസില്‍ നടനെതിരെ തുടങ്ങി എല്ലാ പരാതികളിലും ശക്തമായ നടപടികളുണ്ടായി. സാമ്പത്തിക വഞ്ചന, പകര്‍പ്പവകാശ ലംഘനം, സൈബര്‍ അധിക്ഷേപം തുടങ്ങി പരാതികളിലും നടപടിയുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home