പ്രമുഖതാരങ്ങൾ രംഗത്തില്ല; ആവേശം ചോർന്ന് ‘അമ്മ’ തെരഞ്ഞെടുപ്പ്

കൊച്ചി
മുൻനിര താരങ്ങൾ പിൻവലിഞ്ഞുനിൽക്കുന്നതിനാൽ ‘അമ്മ’ തെരഞ്ഞെടുപ്പിൽ ആവേശം ചോരുന്നു. ആഗസ്‌ത് 15ന് നടക്കുന്ന അമ്മ ഭരണസമിതി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം വ്യാഴാഴ്‌ച അവസാനിക്കാനിരിക്കെ പ്രമുഖരൊന്നും ഇതുവരെ രംഗത്തുവന്നിട്ടില്ല. പ്രധാനസ്ഥാനങ്ങളിലേക്ക് മുൻനിര താരങ്ങളുണ്ടായിരുന്ന മുൻകാല തെരഞ്ഞെടുപ്പുകളിലെ ആവേശം, അവരുടെ അഭാവത്തിൽ ഇല്ലാതായെന്ന് മത്സരരംഗത്തുള്ളവർ പറഞ്ഞു.
മമ്മൂട്ടിയും മോഹൻലാലും സുരേഷ്‌ഗോപിയും എല്ലാക്കാലത്തും അമ്മ ഭരണസമിതിയുടെ പ്രധാനസ്ഥാനങ്ങളിൽ ഉണ്ടായിരുന്നു. അവരാരും ഇക്കുറി മത്സരരംഗത്തില്ല. സോമനും മധുവും ഇന്നസെന്റുമൊക്കെ പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ ഇവർ വഹിച്ചിരുന്നു. ഇന്നസെന്റിനൊപ്പം തുടർച്ചയായ നാല് ടേമിൽ മോഹൻലാലാണ് ജനറൽ സെക്രട്ടറിയായിരുന്നത്. ഇന്നസെന്റിന്റെ മരണശേഷം കഴിഞ്ഞ മൂന്ന് ടേമിലും പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഹേമ കമ്മിറ്റി വിവാദത്തെ തുടർന്ന് രാജിവച്ച് ഒഴിഞ്ഞ അവസാന ഭരണസമിതിയെ നയിച്ചതും അദ്ദേഹമാണ്. എന്നാൽ, ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, ഇനി ഭാരവാഹിയാകാനില്ലെന്ന് മോഹൻലാൽ നിലപാടെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന അഡ്‌ഹോക് കമ്മിറ്റിയുടെ അഭ്യർഥന നിരസിച്ചാണ് അദ്ദേഹം തീരുമാനമറിയിച്ചത്. പേരിനെങ്കിലും അമ്മ ഭരണസമിതിയുടെ ഭാഗമാകുമായിരുന്ന മമ്മൂട്ടിയും ഇക്കുറി ഉണ്ടാകില്ല. സുരേഷ്‌ഗോപി ആദ്യഘട്ടത്തിൽ താൽപ്പര്യം കാണിച്ചെങ്കിലും ഇപ്പോൾ പിൻവലിഞ്ഞുനിൽക്കുകയാണ്. ഹേമ കമ്മിറ്റി വിവാദത്തിൽ രാജിവച്ച സിദ്ദിഖും മത്സരിക്കാനിടയില്ല. പ്രധാനതാരങ്ങൾ വിട്ടുനിന്നാൽ സംഘടനയുടെ പ്രസക്തിതന്നെ ഇല്ലാതാകുമെന്ന അഭിപ്രായമാണ് അമ്മ അംഗങ്ങളിൽ പലർക്കുമുള്ളത്.
കുഞ്ചാക്കോ ബോബൻ, വിജയരാഘവൻ തുടങ്ങിയവരുടെ പേര് പ്രധാന സ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നെങ്കിലും അവരും ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല. ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ബാബുരാജ്, മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുമെന്ന് ഉറപ്പായി. പത്രിക സമർപ്പിച്ചവർ പലരും ഏതുസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടില്ല. വിവിധ സ്ഥാനങ്ങളിലേക്കാണ് പലരും പത്രിക നൽകിയിട്ടുള്ളത്. 31 നാണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.









0 comments