‘അമ്മ’ തെരഞ്ഞെടുപ്പിന് പത്രികസമർപ്പണം തുടങ്ങി ; വോട്ടെടുപ്പ് ആഗസ്‌ത് 15ന്

കൊച്ചി
മലയാളസിനിമ താരസംഘടനയായ ‘അമ്മ’ ഭരണസമിതി തെരഞ്ഞെടുപ്പിന് നടപടി തുടങ്ങി. 17 അംഗ ഭരണസമിതിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 24 ആണ്. 31ന് അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ആഗസ്‌ത് 15ന് രാവിലെ 10 മുതൽ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. വൈകിട്ടോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടർന്ന് പുതിയ ഭരണസമിതി സ്ഥാനമേൽക്കും.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, 11 അംഗ എക്‌സിക്യൂട്ടീവ് എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നാലെണ്ണം സ്‌ത്രീ സംവരണമാണ്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് അഡ്‌ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും ലാൽ മത്സരസന്നദ്ധത അറിയിച്ചിട്ടില്ല. സെലിബ്രിറ്റി ക്രിക്കറ്റിന് നേതൃത്വം നൽകുന്ന കുഞ്ചാക്കോ ബോബന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് കേൾക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പരാമർശത്തിന് പിന്നാലെ അമ്മ നേതൃത്വത്തിനെതിരെ രംഗത്തുവന്ന ജഗദീഷ് ഉൾപ്പെടെയുള്ളവരും മത്സരരംഗത്തുവന്നേക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് സജീവ ചർച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും നിർണായകമാകും. കുഞ്ചൻ, പൂജപ്പുര രാധാകൃഷ്‌ണൻ എന്നിവരാണ് തെരഞ്ഞെടുപ്പ് ഓഫീസർമാർ. അഡ്വ. കെ മനോജ്‌ചന്ദ്രനാണ് വരണാധികാരി.
മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായി കഴിഞ്ഞവർഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദമാണ് ഒരുവർഷത്തിനുള്ളിൽ പുതിയ തെരഞ്ഞെടുപ്പിലേക്ക് എത്തിച്ചത്. പീഡനപരാതിയെ തുടർന്ന് കഴിഞ്ഞ ആഗസ്‌ത് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹൻലാൽ ഉൾപ്പെടെ ഭരണസമിതിയാകെ രാജിനൽകിയെങ്കിലും അഡ്‌ഹോക് കമ്മിറ്റിയായി തുടർന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേൽക്കുമെന്ന് അന്ന് പ്രഖ്യാപിച്ചെങ്കിലും ഒരുവർഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.









0 comments