‘അമ്മ’ സ്ഥാനാർഥികളെ ഇന്നറിയാം ; പ്രസിഡന്റിൽ സമവായമില്ല

കൊച്ചി
താരസംഘടന ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ആരൊക്കെയെന്ന് വ്യാഴാഴ്‌ച അറിയാം. പകൽ മൂന്നുവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. നാലോടെ അന്തിമ സ്ഥാനാർഥിപ്പട്ടികയാകും. സമർപ്പിച്ച 74 പത്രികകളിൽ പത്തെണ്ണം സൂക്ഷ്‌മപരിശോധനയിൽ തള്ളിയിരുന്നു. 17 സ്ഥാനങ്ങളിലേക്ക് ഇരുപത്തിയഞ്ചോളം പേരാണ് പത്രിക നൽകിയത്. ആഗസ്‌ത് 15നാണ് തെരഞ്ഞെടുപ്പ്.
സമവായത്തിലൂടെ ശ്വേതാ മേനോനെ പ്രസിഡന്റ്‌സ്ഥാനം ഏൽപ്പിക്കാൻ ചർച്ചകൾ നടന്നിരുന്നു. മത്സരരംഗത്തുള്ള മറ്റ് അഞ്ചുപേരിൽ നാലുപേരും പിന്മാറാൻ സാധ്യത തെളിഞ്ഞെങ്കിലും ദേവൻ പിന്മാറില്ലെന്ന് വ്യക്തമാക്കി. ഇതോടെ മത്സരം ഉറപ്പായി. മറ്റു സ്ഥാനങ്ങളിലേക്കും മത്സരസാധ്യതയേറി.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചുപേരുടെ പത്രികയുണ്ട്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒമ്പത് പത്രികയും. ജോയിന്റ് സെക്രട്ടറി-13, ട്രഷറർ– ഒമ്പത്, 11 അംഗ എക്‌സിക്യൂട്ടീവിലെ നാല് വനിതാസംവരണം സീറ്റുകളിലേക്ക്–എട്ട്, ബാക്കി ഏഴ് സ്ഥാനത്തേക്ക്– 14 പേർ എന്നിങ്ങനെയാണ് മറ്റു പത്രികകൾ.
ഭാരവാഹിത്വത്തിൽനിന്ന് മോഹൻലാൽ പൂർണമായി വിട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. മമ്മൂട്ടി പതിവുപോലെ ഇക്കുറിയും രംഗത്തില്ല. ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1994 മുതൽ 31 വർഷത്തിനിടെ 1997ൽമാത്രമാണ് മോഹൻലാൽ വിട്ടുനിന്നിട്ടുള്ളത്. മറ്റു ഭരണസമിതികളിലെല്ലാം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചു. 2018 മുതൽ പ്രസിഡന്റാണ്. 2027 വരെ കാലാവധിയുണ്ടായിരുന്ന ഭരണസമിതി, ഹേമ കമ്മിറ്റി വിവാദത്തെ തുടർന്ന് രാജിവച്ചതോടെയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്.
വനിതകൾ നയിക്കട്ടെ : സലിംകുമാർ
താരസംഘടന ‘അമ്മ’യുടെ അമരത്ത് വനിതകൾ വരണമെന്നാണ് ആഗ്രഹമെന്ന് നടൻ സലിം കുമാർ. സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന വനിതകൾക്കുവേണ്ടി പ്രവർത്തിക്കും. വനിതകൾ നേതൃത്വസ്ഥാനത്ത് വന്നാൽ മറ്റു സംഘടനകൾക്ക് മാതൃകയായിരിക്കും. ആരോപണവിധേയർ മത്സരിക്കുന്നതിനെപ്പറ്റി പ്രതികരിക്കാനില്ലെന്നും സലിം കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മത്സരത്തിൽ ഉറച്ചുനിൽക്കും : ദേവൻ
‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉറച്ചുനിൽക്കുമെന്ന് നടൻ ദേവൻ. ജഗദീഷ് പിന്മാറുന്നുവെന്ന് കേൾക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ആരോപണവിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ, അവരെ വിജയിപ്പിക്കണോ എന്ന് അംഗങ്ങൾക്ക് തീരുമാനിക്കാമെന്നും ദേവൻ പറഞ്ഞു.









0 comments