"അമ്മ' നിർണായക ജനറൽബോഡി ഇന്ന്‌ ;
 മോഹൻലാൽ തുടർന്നേക്കും

amma
വെബ് ഡെസ്ക്

Published on Jun 22, 2025, 03:08 AM | 1 min read

കൊച്ചി

മലയാളസിനിമാ അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ നിർണായക ജനറൽബോഡി ഞായറാഴ്‌ച കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ ചേരും. പ്രസിഡന്റ്‌ സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കും. മോഹൻലാൽ തുടരണമെന്ന് ആവശ്യപ്പെടാൻ മെയ്‌ അവസാനം ചേർന്ന അഡ്ഹോക് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനം ഞായർ രാവിലെ 10ന്‌ ചേരുന്ന ജനറൽബോഡി ചർച്ച ചെയ്യും. അന്തിമതീരുമാനം എടുക്കേണ്ടത്‌ ജനറൽബോഡിയാണ്‌.


തെരഞ്ഞെടുപ്പ്‌ വേണമെന്ന ആവശ്യം ഉയരുകയാണെങ്കിൽ മോഹൻലാൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കില്ലെന്നാണ്‌ സൂചന. ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവച്ച സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ നിയോഗിക്കും. മറ്റുള്ളവർ തുടരുമെന്നും സൂചനയുണ്ട്‌. മത്സരമില്ലാതെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.


ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്ന ശേഷമുണ്ടായ വിവാദങ്ങളെ തുടർന്ന്‌, മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ്‌ ജനറൽ സെക്രട്ടറിയുമായിരുന്ന ഭരണസമിതി ഒന്നടങ്കം രാജിവച്ചിരുന്നു. പത്തുമാസമായി അഡ്‌ഹോക്‌ കമ്മിറ്റിയാണ്‌ പ്രവർത്തിക്കുന്നത്‌.

കഴിഞ്ഞ ജൂണിൽ ചേർന്ന ജനറൽബോഡിയിൽ ഇടവേള ബാബുവിന്‌ പകരക്കാരനായാണ്‌ സിദ്ദിഖ്‌ ജനറൽ സെക്രട്ടറിയായത്‌. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരെ മത്സരത്തിൽ തോൽപ്പിച്ചാണ്‌ സിദ്ദിഖ്‌ സ്ഥാനമേറ്റത്‌. എന്നാൽ, രണ്ടുമാസത്തിനുശേഷം ഹേമ കമ്മിറ്റി വിവാദങ്ങളുടെ ഭാഗമായി സിദ്ദിഖിനെതിരെ നടി ലൈംഗികപീഡനം ആരോപിച്ചതോടെയായിരുന്നു രാജി. പിന്നാലെ മോഹൻലാലും 16 എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളും രാജിവച്ചെങ്കിലും ഇവർ അഡ്‌ഹോക്‌ കമ്മിറ്റിയായി തുടർന്നു.


രണ്ടുമാസത്തിനുള്ളിൽ ജനറൽബോഡി വിളിച്ച്‌ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നാണ്‌ പിന്നീട്‌ പറഞ്ഞതെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി കൂടുതൽ വെളിപ്പെടുത്തലുകൾ വന്നത്‌ വിവാദമായി. വനിതാ അംഗങ്ങളും ജഗദീഷ്‌ ഉൾപ്പെടെ ഒരുവിഭാഗവും താരങ്ങൾക്കെതിരെ രംഗത്തുവന്നതും അമ്മയെ സമ്മർദത്തിലാക്കി.


അമ്മയുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റിക്ക് മൂന്നുവർഷംവരെ തുടരാം. ജനറൽബോഡി തീരുമാനമുണ്ടെങ്കിൽ അഡ്ഹോക് കമ്മിറ്റിയെ സ്ഥിരം കമ്മിറ്റിയായും നിശ്ചയിക്കാം.




deshabhimani section

Related News

View More
0 comments
Sort by

Home