അമ്പിളിയെത്തി നിറചിരിയോടെ...

jagathi and mohanlal
avatar
സ്വന്തം ലേഖകൻ

Published on Jun 23, 2025, 02:07 AM | 1 min read

കൊച്ചി: പ്രിയപ്പെട്ട അമ്പിളി എത്തിയപ്പോൾ ആഹ്ലാദത്തിന്റെ പൂക്കൾ വിടർന്നു, മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളുടെ മനസ്സിലും മിഴികളിലും. ഉടൻ അരികിലെത്തി മോഹൻലാൽ ആ കരം കവർന്നു. കാതിൽ പറഞ്ഞ സ്വകാര്യത്തിന്‌ സൗഹൃദത്തിന്റെ നിറവുള്ള പുഞ്ചിരിയായിരുന്നു മറുപടി. ലാൽ കരങ്ങളിൽ ചുംബിച്ചപ്പോൾ പുഞ്ചിരിക്ക്‌ കൂടുതൽ തെളിച്ചം. 14വർഷത്തിനുശേഷം അമ്മയുടെ ജനറൽബോഡിയിൽ പങ്കെടുക്കാനെത്തിയ ജഗതി ശ്രീകുമാറിനെ ഹൃദയത്തോട്‌ ചേർത്താണ്‌ സഹപ്രവർത്തകർ സ്വീകരിച്ചത്‌. വീൽചെയറിൽ എത്തിയ ജഗതിയുടെ അരികിലേക്ക്‌ താരങ്ങൾ ഒന്നിച്ചെത്തി. കുശലാന്വേഷണങ്ങൾക്ക്‌ തലയാട്ടിയും ചിരി സമ്മാനിച്ചുമായിരുന്നു മറുപടി. നടൻ ശ്രീനിവാസനും അദ്ദേഹത്തിന്റെ ഭാര്യക്കുമൊപ്പം മുൻനിരയിലായിരുന്നു ജഗതി ഇരുന്നത്‌. ശ്രീനിയെ മനസ്സിലായോയെന്ന ചോദ്യത്തിന്‌ ഉവ്വെന്ന അർഥത്തിൽ തലകുലുക്കി. പുതുതലമുറയിലെ താരങ്ങൾ ഉൾപ്പെടെ ഒപ്പം ഫോട്ടോയെടുത്തു.


മകനൊപ്പമാണ്‌ ജഗതി ജനറൽബോഡിക്കെത്തിയത്‌. ശനിയാഴ്‌ച വിമാനമാർഗമാണ്‌ കൊച്ചിയിൽ എത്തിയത്‌. വിമാനത്തിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ജഗതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയെന്നും സുഖവിവരങ്ങൾ തിരക്കിയതായും ഫെയ്‌സ്‌ബുക്കിൽ കുറിച്ചിരുന്നു. 2012 മാർച്ച്‌ 10ന്‌ തേഞ്ഞിപ്പാലം പാണമ്പ്ര വളവിൽ ദേശീയപാതയിലുണ്ടായ അപകടത്തിലാണ്‌ ജഗതിക്ക്‌ ഗുരുതര പരിക്കേറ്റത്‌. ഏറെ കാലത്തെ ചികിത്സയ്‌ക്കുശേഷം പരിപാടികളിൽ സജീവമാണ്‌. അരുൺ ചന്തു സംവിധാനം ചെയ്യുന്ന സയൻസ്‌ ഫിക്‌ഷൻ ചിത്രം ‘വല’യിൽ അഭിനയിക്കാനിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home