അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി തമിഴ്നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. രാജേന്ദ്രനാണ് കേസിലെ ഏക പ്രതി.
കഴിഞ്ഞ10ന് പ്രതി കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കൽ (201) എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ 12 പെൻഡ്രൈവ്, ഏഴ് ഡിവിഡി എന്നിവയും 222 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
ജീവൻ കവർന്നത് നാലര പവന് വേണ്ടി
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരചെടിക്കടയിൽ വച്ച് രാജേന്ദ്രൻ വിൽപ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാലരപ്പവൻ സ്വർണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. ഓൺ ലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങൾ ചെയ്തിരുന്നത്.
മൂന്ന് പേരെ കൊലപ്പെടുത്തി ഹോട്ടൽ തൊഴിലാളിയുടെ വേഷത്തിൽ
സമാനരീതിയിൽ തമിഴ്‌നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യൻ, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളർത്തുമകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലും പ്രതിയാണ് രാജേന്ദ്രൻ.
ഈ കേസിൽ ജാമ്യത്തിലിറങ്ങി ഹോട്ടൽ തൊഴിലാളിയായി പേരൂർക്കടയിലെത്തി. നാലര പവൻ സ്വർണ്ണത്തിനാണ് സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയത്. സമ്പൂർണ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ദിവസം ചെടികൾ നനയ്ക്കുന്നതിനാണ് സുനിത കടയിലെത്തിയത്. ചെടി വാങ്ങാൻ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രൻ ചെടികൾ കാണിച്ചു കൊടുത്ത വിനീതയെ പുറകിൽ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തിൽ കത്തി കുത്തി ഇറക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ ഫോറൻസിക് വിദഗ്ദരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയിൽ വിസ്തരിച്ചിരുന്നു. വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ കാവൽ കിണറിന് സമീപത്തെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പേരുർക്കട സിഐവി സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പൊലീസ്, പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വർണമാല കണ്ടെടുത്തിരുന്നു.









0 comments