'ഞാൻ മൂന്നും ചൊല്ലി' ഫോണിൽ മുത്തലാഖ് ചൊല്ലിയതായി പരാതി

മലപ്പുറം: ഫോണിൽ മൂന്നും ചൊല്ലി വിവാഹം വേർപ്പെടുത്തിയതായി യുവതിയുടെ പരാതി. വേങ്ങര ഊരകം സ്വദേശി സഹലാതസ്നി (21) ആണ് തന്റെ ഭർത്താവ് കൊണ്ടോട്ടി ചാലിൽ സ്വദേശി ബീരാൻകുട്ടി (30) മൂന്നും ചൊല്ലി ബന്ധം വേർപ്പെടുത്തിയതായി പരാതി നൽകിയത്. തന്റെ പിതാവിനെ ഫോണിൽ വിളിച്ച് അധിക്ഷേപ വാക്കുകൾ വിളിച്ച അപമാനിച്ചതിനു ശേഷം മകളെ മൂന്നും ചൊല്ലി (മുത്തലാഖ്) യതായി പറഞ്ഞുവെന്നാണ് യുവതി മലപ്പുറം വനിതാപൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയത്.
ജനുവരി 10 നാണ് സംഭവം. 2023 ജൂലൈയിലാണ് യുവതിയും വീരാൻകുട്ടിയുമായി വിവാഹം നടക്കുന്നത്. ഇവർക്ക് ഒരു വയസുളള കുഞ്ഞുണ്ട്. ഭർതൃവീട്ടുകാരുമായുളള അസ്വാരസ്യത്തെ തുടർന്ന് കുറച്ചു കാലമായി യുവതി ഊരകത്തെ കുടുംബ വീട്ടിലാണ് താമസിക്കുന്നത്. ഇതിനിടെയാണ് യുവതിയുടെ പിതാവിനെ തിരിച്ചറിയാത്ത നന്പറിൽ നിന്നും ബീരാൻ കുട്ടി ജനുവരി 10ന് യുവതിയുടെ പിതാവിനെ വിളിക്കുകയായിരുന്നു. ഫോൺ എടുത്തയുടനെ തന്നെ പിതാവിനോട് മോശമായി സംസാരിച്ചു. തുടർന്ന് വാക്കുതർക്കമുണ്ടായി. സംസാരത്തിനൊടുവിലാണ് ബീരാൻകുട്ടി യുവതിയുടെ പിതാവിനെ അസഭ്യം പറഞ്ഞുകൊണ്ട് മകളെ മൂന്നും ചൊല്ലിയിട്ടുണ്ടെന്ന് പറയുന്നത്.
'എവിടെ വേണമെങ്കിലും ഒപ്പിട്ടോ... ഞാൻ മൂന്നും ചൊല്ലി' എന്നു പറയുന്ന ശബ്ദരേഖ യുവതിയുടെ പിതാവ് പൊലിസിന് നൽകിയിട്ടുണ്ട്. വെളളിയാഴ്ച്ച വൈകിയിട്ടോടെ പൊലീസ് യുവതിയുടെ മൊഴിരേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിനായി യുവതിയുടെ പിതാവ് പൂക്കുത്ത് സലീമിന്റെ ഫോൺ കസ്റ്റെഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.









0 comments