പാഠപുസ്തകത്തിൽ ഒതുങ്ങുന്നതല്ല പഠനം : മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ പൊന്നാടയണിയിക്കുന്നു
കൊച്ചി
പാഠപുസ്തകത്തിൽ ഒതുങ്ങുന്നതല്ല പഠനമെന്നും അതിനപ്പുറത്തെ വായനയാണ് നമ്മളെ വലിയ മനുഷ്യരായി വളരാൻ സഹായിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷയിൽ മാർക്ക് കിട്ടാനുള്ള വായനയിൽമാത്രം ഒതുങ്ങരുത്. ലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഇടപെടാനുമുള്ളശേഷി നേടാൻ വായന അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഇവന്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് കേവലം പ്രശ്‌നോത്തരി മാത്രമല്ല. അറിവിനൊപ്പം തിരിച്ചറിവുള്ള തലമുറയെ വാർത്തെടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്‌നേഹവും സമാധാനവും നിറഞ്ഞ അന്തരീക്ഷം കുട്ടികൾക്കു ചുറ്റുമുണ്ടാകണം. അന്ധവിശ്വാസവും അനാചാരങ്ങളും പുനരുജ്ജീവിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. ലഹരിപോലെയുള്ള മഹാവിപത്തിലേക്ക് പുതുതലമുറയെ തള്ളിയിടുന്നു. വിദ്വേഷത്തിന്റെ തീ പടർത്താൻ ശ്രമിക്കുന്നു. അതിനെയെല്ലാം വകഞ്ഞുമാറ്റി നേതൃത്വം നൽകേണ്ടവരാണ് പുതുതലമുറ.
കേരളത്തെ പുരോഗമനപരമായി മാറ്റിത്തീർക്കാനും ആധുനിക കേരളം കെട്ടിപ്പെടുക്കാനും നേതൃത്വം നൽകിയ പത്രമാണ് ദേശാഭിമാനിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോഹൻലാലിന്റെ അർപ്പണബോധത്തോടെയുള്ള അഭിനയജീവിതവും സാമൂഹികമായ കരുതലും സമൂഹത്തിനാകെ പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments