'റീൽസ് അല്ല, റിയൽ ആണ്'; യൂത്ത് കോൺഗ്രസിനെതിരെ ഒളിയമ്പുമായി അജയ് തറയിൽ

അജയ് തറയിൽ
തിരുവനന്തപുരം: റീൽസ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ. ചാണ്ടി ഉമ്മന്റെ ചിത്രം പങ്കുവെച്ചാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരായ വിമർശനം. ‘റീൽസ് അല്ല, റിയൽ ആണ്, ചാണ്ടി ഉമ്മനാണ് താരം’ എന്നാണ് പോസ്റ്റ്. എന്നാൽ പോസ്റ്റിന് പിന്നാലെ അജയ് തറയിലിനുനേരെ സൈബർ ആക്രമണം തുടങ്ങിയിട്ടുണ്ട്. മുൻപ് യുവനേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ അജയ് തറയിൽ രംഗത്തെത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് നേതാക്കളെ റീൽസിലും ടി വി ചാനലുകളിലും മാത്രമേ കാണാറുള്ളൂവെന്ന് മുതിർന്ന നേതാക്കൾ വ്യാപകമായി പരാതി ഉന്നയിക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിലിരുത്തി പി ജെ കുര്യനാണ് പരസ്യ വിമർശനത്തിന് തുടക്കമിട്ടത്. ക്ഷുഭിത യൗവ്വനത്തെ കൂടെ നിർത്തുന്നത് എസ്എഫ്ഐയാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കളെ ടി വിയിൽ മാത്രമേ കാണാറുള്ളെന്നുമായിരുന്നു പി ജെ കുര്യന്റെ പരാമർശം.
പിന്നാലെ നേതൃത്വത്തിന്റെ പിന്തുണയോടെ യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം കുര്യനെതിരെ സൈബർ അധിക്ഷേപം ആരംഭിച്ചു. എന്നാൽ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ കുര്യന്റെ വിമർശനം ശെരിവെച്ചുള്ള പ്രതികരണമാണ് നടത്തിയത്. ഇതിനിടെയാണ് അജയ് തറയിൽ ചാണ്ടി ഉമ്മനെ ചാരി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.









0 comments