എയർ കേരള കോർപറേറ്റ് ഓഫീസ് തുറന്നു

ആലുവ : കേരളത്തിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ എയർ കേരളയുടെ കോർപറേറ്റ് ഓഫീസ് ആലുവയിൽ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. എയർ കേരളയ്‌ക്ക് സംസ്ഥാനസർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ നെടുമ്പാശേരിയിൽനിന്ന് തുടങ്ങും. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാകുമിത്. 72 സീറ്റർ ഇക്കോണമി ക്ലാസ് എടിആർ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. അനുമതി ലഭ്യമാകുന്നതനുസരിച്ച് വിദേശസർവീസുകളും ആരംഭിക്കും. കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസാണ് ലക്ഷ്യം. തുടക്കത്തിൽ അഞ്ച് വിമാനങ്ങൾ പാട്ടത്തിന് വാങ്ങാൻ എയർലൈൻ ഐറിഷ് കമ്പനിയുമായി കരാറായിട്ടുണ്ട്. വാടകയ്ക്ക് എടുത്ത വിമാനങ്ങളുമായാണ് തുടക്കത്തിലെ സർവീസ്. സ്വന്തമായി വിമാനം വാങ്ങാനും പദ്ധതിയുണ്ട്.
ആലുവ ബൈപാസ് ജങ്ഷനിൽ മെട്രോ സ്‌റ്റേഷനുസമീപം മൂന്ന് നിലകളിലാണ് കോർപറേറ്റ് ഓഫീസ്. വ്യോമയാന മേഖലയിലെ 200 വിദഗ്ധർക്ക് ഒരേസമയം ജോലി ചെയ്യാൻ കഴിയും. ഈ വർഷം അവസാനത്തോടെ 750 തൊഴിലവസരങ്ങളാണ് എയർ കേരള ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാമ്പത്തിക, തൊഴിൽ, ടൂറിസം മേഖലകളുടെ ഉയർച്ചയ്ക്ക് എയർ കേരള ഗുണകരമാകും.
എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, ആലുവ നഗരസഭ ചെയർമാൻ എം ഒ ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സെയ്ദ് മുനവറലി തങ്ങൾ, എയർ കേരള ചെയർമാൻ ആഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി എന്നിവർ സംസാരിച്ചു. എയർ കേരളയുടെ ഉന്നത ഉദ്യോഗസ്ഥർ, മറ്റു ഉദ്യോഗസ്ഥർ പങ്കെടുത്തു.









0 comments