കണ്ണൂരിൽ ഉജ്വല കർഷകറാലി
വന്യജീവിസംരക്ഷണ നിയമം ഭേദഗതിചെയ്യണം , കർഷകരക്ഷയ്‌ക്ക് നിയമം ലംഘിക്കാനും തയ്യാർ : കിസാൻസഭ

കണ്ണൂർ
വന്യമൃഗങ്ങളിൽനിന്ന് കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ വന്യജീവി സംരക്ഷണനിയമം കേന്ദ്രസർക്കാർ ഉടൻ ഭേദഗതിചെയ്യണമെന്ന് അഖിലേന്ത്യ കിസാൻസഭ നേതാക്കൾ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിച്ച കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ വന്യജീവി നയമാണ് ക്ഷുദ്രജീവികളെ നിയന്ത്രിക്കാൻ പറ്റാതാക്കിയത്. പന്നിയും കുരങ്ങുമടക്കമുള്ളവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് നിയന്ത്രിച്ചില്ലെങ്കിൽ നിയമലംഘനത്തിന് കിസാൻസഭ മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നായനാർ അക്കാദമിയിൽ രണ്ടുദിവസമായി നടന്ന കേന്ദ്ര കൗൺസിൽ യോഗത്തിൽ രാജ്യത്തെ കാർഷിക സാഹചര്യം, കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ–- കോർപ്പറേറ്റ് അനുകൂല നയങ്ങൾ എന്നിവ ചർച്ചചെയ്തു. ഫെഡറൽ തത്വം ലംഘിച്ച്, പാർലമെന്റിൽ ചർച്ചചെയ്യാതെ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവയ്‌ക്കുകയാണ്. കർഷകരുടെ ജീവിതത്തെ കാര്യമായി ബാധിക്കുന്ന ഈ കരാറുകൾക്കെതിരായ പ്രതിഷേധം ജൂലൈ ഒമ്പതിന്റെ പണിമുടക്കിൽ പ്രകടമാകും. യുഎസ് ഉപരോധത്തിൽ വലയുന്ന ക്യൂബയെ സഹായിക്കാൻ ജൂലൈ 26 മുതൽ ആഗസ്‌ത് അഞ്ചുവരെ ക്യൂബ ഐക്യദാർഢ്യ പ്രചാരണം നടത്തും. സഹായ ഫണ്ട് ശേഖരിച്ച് ക്യൂബക്ക് കൈമാറും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെ 27 സംസ്ഥാനങ്ങളിൽ പ്രവർത്തനമുള്ള കിസാൻസഭയ്‌ക്ക് 1.53 കോടി അംഗങ്ങളുണ്ട്.
പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, വൈസ് പ്രസിഡന്റുമാരായ ഇ പി ജയരാജൻ, എം വിജയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ വത്സൻ പനോളി, ഡി രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കണ്ണൂരിൽ ഉജ്വല കർഷകറാലി
മൂന്നുദിവസമായി കണ്ണൂരിൽ നടന്ന അഖിലേന്ത്യ കിസാൻസഭ കേന്ദ്ര കൗൺസിൽ യോഗം ഉജ്വല കർഷകറാലിയോടെയും സ്വീകരണ സമ്മേളനത്തോടെയും സമാപിച്ചു. നായനാർ അക്കാദമിയിൽ തിങ്കൾ പകൽ രണ്ടോടെയായിരുന്നു കൗൺസിൽ യോഗ സമാപനം.
കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന് തുടങ്ങിയ കർഷകറാലി ടൗൺ സ്‌ക്വയറിൽ സമാപിച്ചു. ജില്ലയിലെ കർഷകസംഘം നേതാക്കളും പ്രവർത്തകരും അഖിലേന്ത്യ കൗൺസിൽ അംഗങ്ങളെ സ്വീകരിച്ചു. പാറാൽ പി കെ കുഞ്ഞനന്തൻ സ്‌മാരക മ്യൂസിക്സിന്റെ ബാൻഡ് സംഘത്തിന്റെ അകമ്പടിയോടെയാണ് റാലി ടൗൺ സ്‌ക്വയറിലെത്തിയത്.
ടൗൺ സ്‌ക്വയറിലെ സ്വീകരണ സമ്മേളനത്തിൽ അഖിലേന്ത്യ നേതാക്കളെ ഷാളണിയിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ അധ്യക്ഷനായി. പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, അമ്രാറാം എംപി, എം വിജയകുമാർ, ഹന്നൻ മൊള്ള, വത്സൻ പനോളി, എസ് കെ പ്രീജ എന്നിവർ സംസാരിച്ചു. എം പ്രകാശൻ സ്വാഗതം പറഞ്ഞു.









0 comments