എയ്‌ഡഡ് സ്‌കൂളിലെ ഭിന്നശേഷി നിയമനം ഒക്ടോബറിൽ പൂർത്തിയാക്കണം

തിരുവനന്തപുരം
എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾ ജില്ലാതല സമിതി വഴി ഒക്ടോബർ 25 നകം പൂർത്തിയാക്കാൻ നിർദേശം. വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി മന്ത്രി വി ശിവൻകുട്ടി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നിർദേശം. നിയമനങ്ങൾ സമയബന്ധിതമായി നടത്താൻ സുപ്രീംകോടതി വിധി പ്രകാരമാണ് ജില്ലാ, സംസ്ഥാന സമിതി രൂപീകരിച്ചത്.
ജില്ലാസമിതി പരിശോധിച്ചശേഷവും നിലനിൽക്കുന്ന പരാതികൾ പരിശോധിക്കാൻ സംസ്ഥാനതലത്തിൽ നവംബർ 10നകം അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദാലത്തിലേക്കുള്ള അപേക്ഷകൾ ഒക്ടോബർ 30നകം സംസ്ഥാനസമിതി കൺവീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. ജില്ലാസമിതി മുഖേനയുള്ള നിയമനം ആവശ്യമെങ്കിൽ വർഷത്തിൽ രണ്ട് തവണ നടത്തും. സമന്വയ റോസ്റ്റർ പ്രകാരം 7000 ഒഴിവുകളെങ്കിലും ഭിന്നശേഷി നിയമനത്തിനായി മാനേജർമാർ മാറ്റിവയ്‌ക്കണം. 1,400 ഒഴിവുകൾ മാത്രമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. ഭിന്നശേഷി സംവരണം അട്ടിമറിക്കുന്ന നിലപാടാണ് ചില മാനേജർമാരുടേതെന്ന് മന്ത്രി പറഞ്ഞു.
ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാരെ നിയമിക്കാൻ സർക്കാർ മാർഗനിർദേശം ഇറക്കുന്നത്. നായർ സർവീസ് സൊസൈറ്റിയുടെ ഹർജിയിലെ സുപ്രീംകോടതിവിധിയിൽ, ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത സീറ്റുകളൊഴിച്ചുള്ളവയിലെ നിയമനങ്ങൾക്ക് നൽകിയ അനുമതി ഇൗ മാനേജ്‌മെന്റിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകൾക്ക് മാത്രമാണ് ബാധകം എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. അതനുസരിച്ചാണ് സർക്കാർ തുടർനടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments